
മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK) വലിയ പ്രതിസന്ധികളെ അതിജീവിച്ച് വിജയകരമായി പൂർത്തിയാക്കിയതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മേളയുടെ തുടക്കം മുതൽ സിനിമകൾക്ക് ‘കത്രികപ്പൂട്ടിടാനും’ ഫെസ്റ്റിവൽ തകർക്കാനും ബോധപൂർവമായ ഗൂഢാലോചന നടന്നതായി മന്ത്രി ആരോപിച്ചു.
സിനിമകൾക്ക് അനുമതി നിഷേധിച്ചു. മേളയിൽ പ്രദർശിപ്പിക്കാനിരുന്ന 19 സിനിമകൾക്ക് കേന്ദ്ര സർക്കാർ ആദ്യം അംഗീകാരം നൽകിയിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ 12 സിനിമകൾക്ക് അനുമതി നൽകാൻ കേന്ദ്രം നിർബന്ധിതരായി. എങ്കിലും ആറ് ചിത്രങ്ങൾ ഇപ്പോഴും സെൻസർ ചെയ്യപ്പെടുകയും ഭീഷണി നേരിടുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
യാതൊരുവിധ ഭീഷണികൾക്കും മുന്നിൽ കേരള സർക്കാർ മുട്ടുമടക്കില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും, തടയപ്പെട്ട സിനിമകൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക തന്നെ ചെയ്യുമെന്ന നിശ്ചയദാർഢ്യത്തിലാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇതിനായി ഔദ്യോഗികമായ ചില നിലപാടുകൾ ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിജീവിതമാർക്കൊപ്പം സർക്കാർ സിനിമാ മേഖലയിലെ സ്ത്രീകളെ ആക്ഷേപിക്കാനും ആക്രമിക്കാനുമുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രി ആവർത്തിച്ചു. “ഈ സർക്കാർ അതിജീവിതയ്ക്കൊപ്പമാണ്” എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉയർത്തിപ്പിടിച്ചാണ് മുന്നോട്ട് പോകുന്നത്. ഏതറ്റം വരെ പോകേണ്ടി വന്നാലും സ്ത്രീകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുമെന്നും ‘അവൾക്കൊപ്പം’ എന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ മികച്ച ക്ലാസിക് സിനിമകൾ മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സർക്കാരും ചലച്ചിത്ര അക്കാദമിയും നടത്തിയ മികച്ച സംഘാടനത്തിന്റെ ഫലമാണ് 30-ാമത് എഡിഷന്റെ വിജയമെന്നും, ഇത് കേരള ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

