
കുട്ടിയുടെ മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഞങ്ങൾക്ക് എന്തു കൊണ്ട് നിഷേധിക്കുന്നു എന്ന കുട്ടികളുടെ അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഭരണകൂടം മറുപടി നൽകേണ്ടതായുണ്ട് എന്നും പി എം ശ്രീ പദ്ധതിയെ എതിർക്കുന്നവരുടെ വാദങ്ങൾ പോലെ തന്നെ കുട്ടികളുടെ ഈ ചോദ്യങ്ങളും പ്രസക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി. ദേശാഭിമാനിയിലെ ലേഖനത്തിലൂടെയാണ് നിലപാട് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം പറഞ്ഞത്.
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗപ്പെടുത്തിയാണ്. ഭരണഘടന മുന്നോട്ടു വെക്കുന്ന ഫെഡറൽ തത്വങ്ങളിൽ വിശ്വസിക്കുന്ന കേരളം പദ്ധതികളെ നിരാകരിക്കുന്നത് ജനദ്രോഹപരമായ നിലപാടുകളായി മാറ്റുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എന്തുകൊണ്ട് ഇപ്പോൾ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചു എന്ന് വിശദീകരിക്കുന്ന ഭാഗത്താണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സമഗ്രശിക്ഷാ, പി.എം പോഷൺ സ്റ്റാർസ്, ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം (NILP) എന്നിവയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പി.എം ഉഷയും ഇതിനകം തന്നെ നാം നടപ്പിലാക്കി വരുന്ന പദ്ധതികളാണ്. ഈ പദ്ധതികളെയെല്ലാം കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. 2022 മുതൽ സമഗ്രശിക്ഷാപദ്ധതിയെ ദേശീയ വിദ്യാഭ്യാസ നയം 2020-ലെ 86 നിർദ്ദേശങ്ങളുമായി ബന്ധപ്പെടുത്തി പുന:ക്രമീകരണം കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം നമ്മുടെ തനതായ പദ്ധതികൾ കേരളീയ സാഹചര്യത്തിൽ നിന്നു കൊണ്ട് നടപ്പിലാക്കുകയാണ് ഉണ്ടായത്. സാക്ഷരതാ പ്രവർത്തനത്തിന്റെ പുതിയ പദ്ധതിയായ NILP യും ദേശീയ വിദ്യാഭ്യാസ നയത്തെ ചേർത്തുവെച്ചാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നെങ്കിലും കേരളത്തിലെ സാക്ഷരതാമിഷൻ അതോറിറ്റി കേരളീയ രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത് എന്നും മന്ത്രി കുറിച്ചു. മാത്രമല്ല ദേശീയ തലത്തിൽ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തത് എന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കോടതികളെ സമീപിക്കണമെന്ന വാദവും തമിഴ്നാട് മാതൃക സ്വീകരിക്കണമെന്ന വാദവും ശ്രദ്ധയിൽപ്പെട്ടു. എന്നാൽ കുട്ടികൾക്ക് ഇത് ലഭ്യമാകേണ്ട വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുക എന്ന പ്രാഥമിക ഉത്തരവാദിത്ത ബോധമാണ് കാലതാമസം വരുന്ന ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോകാതിരിക്കാൻ കാരണം. തമിഴ്നാട് കോടതിയെ സമീപിച്ചത് കേരളത്തിൽ നമ്മൾ ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത വിദ്യാഭ്യാസ അവകാശനിയമം 12 (1) c നേടിയെടുക്കുന്നതിന് വേണ്ടിയാണ്. 2022-ൽ പി.എം ശ്രീ പദ്ധതിയുടെ ഭാഗമാവുകയും തുടർന്ന് കരാറിൽ നിന്ന് പിന്മാറുകയും ചെയ്ത പഞ്ചാബിന് 2023-ൽ വീണ്ടും പദ്ധതിയുടെ ഭാഗമാകേണ്ടി വന്ന സാഹചര്യങ്ങളും എല്ലാം പഠിച്ചതിന് ശേഷമാണ് കേരളം അന്തിമതീരുമാനത്തിലേക്ക് എത്തിയത്. മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രത്യേകത തന്നെ അതിന്റെ മതനിരപേക്ഷമായ ഉള്ളടക്കമാണെന്നും തകർക്കാൻ സഹായിക്കുന്ന ചെറുതും വലുതുമായ എല്ലാ അക്കൗണ്ടുകളെയും പൂട്ടിച്ച ചരിത്രമാണ് നമുക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

