
കേരളത്തിലെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ക്ഷേമ ബോർഡുകളുടെ പങ്ക് വിലയിരുത്തിക്കൊണ്ട് ‘കിലെ’ (KILE) തയ്യാറാക്കിയ സമഗ്ര പഠന റിപ്പോർട്ട് പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. തൊഴിൽ വകുപ്പിന് കീഴിലുള്ള 16 ക്ഷേമ ബോർഡുകളുടെ പ്രവർത്തന വ്യാപ്തിയെയും അവ തൊഴിലാളികളുടെ ജീവിതനിലവാരത്തിൽ വരുത്തിയ മാറ്റങ്ങളെയും കുറിച്ചാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ) പഠനം നടത്തിയത്.
സംസ്ഥാനത്തെ സാധാരണക്കാരായ തൊഴിലാളികൾക്ക് വലിയൊരു കൈത്താങ്ങായി നിലകൊള്ളുന്ന ക്ഷേമ ബോർഡുകൾ നമ്മുടെ സാമൂഹിക സുരക്ഷാ വലയത്തിന്റെ നട്ടെല്ലാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. മാറുന്ന കാലത്തിനനുസരിച്ച് ഈ ബോർഡുകളുടെ പ്രവർത്തനം എത്രത്തോളം ഫലപ്രദമാണെന്നും ഏതൊക്കെ മേഖലകളിൽ ഇനിയും മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്നും കൃത്യമായി മനസ്സിലാക്കാൻ ഈ പഠനം സഹായിക്കും. വരും ദിവസങ്ങളിൽ വകുപ്പിന്റെ നയരൂപീകരണത്തിൽ ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ALSO READ : ആർ. ശ്രീലേഖയ്ക്ക് തിരിച്ചടി: പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്. ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ ഐ.എ.എസ് സംസാരിക്കുകയും അനലിറ്റിക്കൽ എക്സ്പെർട്ട് വിനോജ് എബ്രഹാം റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് കുമാർ ഡി സ്വാഗതവും സീനിയർ ഫെല്ലോ ജെ.എൻ. കിരൺ നന്ദിയും രേഖപ്പെടുത്തി. കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ടി.കെ രാജൻ, ജി. ബൈജു, പി.ബി ഹർഷകുമാർ, കെ. മല്ലിക എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

