
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനയ്ക്ക് കൃത്യമായ മറുപടി നൽകി മന്ത്രി വീണാ ജോർജ്. ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും, ചികിത്സാ ചെലവ് കുറയ്ക്കും എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. ഉയർത്തിയ എല്ലാ പ്രസ്താവനകേൾക്കും കൃത്യമായ കണക്കിലൂടെയാണ് മന്ത്രി മറുപടി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെത്ത അമ്മയും കുഞ്ഞ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ കണക്കുകളും, ചികിത്സാ ചെലവ് കുറഞ്ഞതിന്റെ കണക്കുകളും എല്ലാം മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഇന്ന് മാധ്യമങ്ങളിലൂടെ കണ്ടു. ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കുമെന്നും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും, ചികിത്സാ ചെലവ് കുറയ്ക്കും-ഇതാണ് കണ്ടത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള അമ്മയും കുഞ്ഞും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കുറിപ്പ് തയാറാക്കി നല്കിയവർക്ക് അറിയില്ലെങ്കിലും പ്രതിപക്ഷ നേതാവ് അറിയേണ്ടതാണല്ലോ. ഡിഎച്ച്എസിലും ഡിഎംഇയിലുമായി ജില്ലകളില്‍ അമ്മയും കുഞ്ഞും ആശുപത്രികള്‍ ഉണ്ട്. വയനാട് ബത്തേരിയില്‍ അമ്മയും കുഞ്ഞും ബ്ലോക്ക് അടുത്തിടേയാണ് ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ടയില്‍ നിര്‍മ്മാണം ആരംഭിച്ചു. ഇടുക്കി ജില്ലയില്‍ അടിമാലയിലാണ് നിര്‍മ്മാണം ഇനി ആരംഭിക്കേണ്ടത്.
ഈ സര്‍ക്കാര്‍ സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങളിലും സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 2023ല്‍ ആരംഭിച്ച 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് സ്ത്രീ ക്ലിനിക്കുകള്‍ പ്രവർത്തിക്കുന്നത്. സ്ത്രീ ക്ലിനിക്കുകളില്‍ എല്ലാ സ്ത്രീകള്‍ക്കും പൂര്‍ണമായി സൗജന്യമായി ജീവിതശൈലീ രോഗ പരിശോധന, ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധന, വിളർച്ചാ പരിശോധന, ഗർഭിണികൾക്കുള്ള പരിചരണം, സ്ത്രീ (മാറിലെയും ഗർഭാശയ ഗളത്തിലെയും ) കാൻസറുകളുടെ സ്ക്രീനിംഗ് മുതലായവ ലഭ്യമാണ്.
സ്ത്രീയെ ആരോഗ്യവതിയായിരിക്കാൻ സഹായിക്കുന്ന പദ്ധതികൾ ആണ് ആരോഗ്യം ആനന്ദം വഴി നടപ്പിലാക്കി വരുന്നത്, ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉള്ള സ്ത്രീയാണ് നാടിന്റെ ആരോഗ്യത്തിന്റെ നട്ടെല്ല് എന്ന പൂർണ ബോധ്യത്തിലുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്. വിളർച്ചയുള്ള സ്ത്രീകളെ അതിൽ നിന്നും വളർച്ചയിലേക്ക് നയിക്കാൻ പ്രത്യേക ഇടപെടലുകൾ നടത്തുന്നു. 50 ലക്ഷം സ്ത്രീകൾക്കാണ് ഈ സേവനം ലഭ്യമാക്കിയത്. ആരംഭിച്ച് രണ്ട് വർഷങ്ങൾക്കകം നാളിതുവരെ സംസ്ഥാനത്ത് സ്ത്രീ ക്ലിനിക്കുകളിലൂടെ സേവനം തേടിയവരുടെ എണ്ണം 70 ലക്ഷത്തിനും മേലെ ആണ്.
സ്ത്രീകളുടെ കാന്‍സര്‍ രോഗനിര്‍ണയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്രീനിംഗില്‍ ഒറ്റമാസം 15 ലക്ഷം സ്ത്രീകളാണ് സൗജന്യമായി കാന്‍സര്‍ സ്ക്രീനിംഗിന് വിധേയമായത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം പൂര്‍ണമായും സൗജന്യമാണ്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വീട്ടില്‍ എത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലായിടത്തും ആരംഭിച്ചു. ജനറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ആരംഭിക്കുകയും ജനിതക പരിശോധനകള്‍ നടത്താനുള്ള ലാബ് സൗകര്യം ഒരുക്കുകയും ചെയ്തു. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തി. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും ഈ കാലയളവില്‍ എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
18 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണ നിലയില്‍ സൗജന്യ ചികിത്സ ആണ് നല്‍കുന്നത്. ആരോഗ്യ കിരണത്തിലൂടെ ഉയര്‍ന്ന ചികിത്സാ ചിലവുള്ളവ സൗജന്യമായും നല്‍കുന്നുണ്ട്. ഹൃദ്യത്തിലൂടെ ഇതുവരെ 8868 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. അപൂര്‍വ രോഗ ചികിത്സയ്ക്ക് സൗജന്യ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം(KARE).എസ്.എം.എ.ക്ക് ഒരു വയലിന് ലക്ഷക്കണക്കിന് രൂപയാണ് വില.
ചികിത്സാ ചെലവ് കുറഞ്ഞോ എന്ന് എന്‍.എസ്.എസ്.ഒ. സര്‍വേ പരിശോധിച്ചാല്‍ മതിയാകും
ചികിത്സാ ചെലവ്
കേരളത്തില്‍ മുമ്പ്
നഗരം – 22,123 രൂപ ഒരു കുടുംബത്തിന്
ഗ്രാമം- 17,504
2024ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്
ഇപ്പോള്‍ കേരളത്തില്‍
നഗരം 13,129രൂപ ഒരു കുടുംബത്തിന്
ഗ്രാമം 10,928രൂപ
2016ന് മുമ്പ് സൗജന്യ ചികിത്സാ പിന്തുണ ലഭിച്ചിരുന്നവരുടെ എണ്ണം 30,000
ഇപ്പോള്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കുടുംബങ്ങളുടെ എണ്ണം 42.5 ലക്ഷം.
രാജ്യത്തെ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം ഇപ്പോള്‍ തുടര്‍ച്ചയായി കേരളമാണ്. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ഇതിനുള്ള പുരസ്കാരം കേരളത്തിനാണ് ലഭിക്കുന്നത്.
ആദ്യം ആരോഗ്യം എന്നതിൽ ആദ്യം അവളുടെ ആരോഗ്യം എന്നതിന് പ്രാധാന്യം നൽകി സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ് ഇവിടെ കുറിച്ചത്.
നവകേരളം കർമപദ്ധതി 1 കഴിഞ്ഞ് കേരളം ഇപ്പോൾ നടപ്പിലാക്കുന്നത്
നവകേരളം കർമപദ്ധതി 2 ഇൽ ആർദ്രം-2 ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


