
കോഴിക്കോട് സര്‍വകലാശാല ഡി സോണ്‍ കലോത്സവ സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിൻ്റെ സബ്മിഷന് മറുപടി നല്‍കി മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രിക്കു വേണ്ടിയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഗണേഷ് എന്നയാള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് ഡി-സോണ്‍ കലോത്സവം സംഘര്‍ഷത്തിൻ്റെ തുടര്‍ച്ചയായുണ്ടായ സംഘഷത്തിലുണ്ടായിരുന്നത്. വടക്കാഞ്ചേരി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഒളിവില്‍ പോയ ഗണേഷ് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിക്ക് പ്രതികളെ മുൻപരിചയമില്ലെന്നും കണ്ടാല്‍ തിരിച്ചറിയുമെന്നും മൊഴി നല്‍കിയതിനാല്‍ തിരിച്ചറിയല്‍ നടത്തേണ്ടതുണ്ട്. പൊതുമധ്യത്തില്‍ അവരാരാണെന്ന് മനസ്സിലാകാതിരിക്കാനാണ് മുഖംമൂടി ധരിപ്പിച്ചത്. വിലങ്ങ് അണിയിച്ചതിന് സര്‍ക്കാരിന് യോജിപ്പില്ല. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി എൻ വാസവൻ പറഞ്ഞു.
മറുപടിയുടെ പൂര്‍ണ്ണരൂപം
കോഴിക്കോട് സര്‍വകലാശാല ഡി-സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട് കിള്ളിമംഗലം കോളേജിലും മാള കോളേജിലും ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതിനു തുടര്‍ച്ചയായി 19.08.2025 ന് ഗണേഷ് എന്നയാള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് രണ്ടു വിദ്യാര്‍ത്ഥികളെ തലയ്ക്കടിച്ചും മറ്റും ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 645/2025 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍പോയ ഗണേഷ് ഉള്‍പ്പെടെയുള്ള മൂന്നു പേരെ 11.09.2025 ന് കൊയിലാണ്ടിയില്‍ നിന്നും അറസ്റ്റു ചെയ്യുകയുണ്ടായി. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.
അക്രമത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി പ്രതികളെ മുന്‍പരിചയമില്ലെന്നും, കണ്ടാല്‍ തിരിച്ചറിയാമെന്നും മൊഴി നല്‍കിയതിനാല്‍ പ്രതികളുടെ ഐഡന്റിഫേക്കഷന്‍ നടത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളുടെ ഐഡന്റിഫിക്കേഷനു മുമ്പായി പൊതുമണ്ഡലത്തില്‍ തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിപ്പിച്ചാണ് കോടതിയില്‍ ഹാജരാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥികളെ വിലങ്ങ് വെച്ചതായി പരാതിയുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വിലങ്ങ് വെച്ചിട്ടുണ്ടെങ്കില്‍ ആ നടപടിയോട് സര്‍ക്കാരിന് യോജിപ്പില്ല. ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുവാനും അന്വേഷണ വിധേയമായി സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സ്ഥലം മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വി എൻ വാസവൻ മറുപടി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

