
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്നു. ചെയർമാൻ അഡ്വ. എ എ റഷീദ് ഹർജികൾ പരിഗണിച്ചു. തിരുവനന്തപുരം മുട്ടയ്ക്കാട് എൽ.എം.എസ് എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന് വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്ന് കാട്ടി മാനേജ്‌മെന്റ് സമർപ്പിച്ച ഹർജി കമ്മീഷൻ പരിഗണിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസ പദവി ലഭിച്ച മുട്ടയ്ക്കാട് എൽഎംഎസ് എൽപി സ്‌കൂളിൽ നിലവിൽ 1 മുതൽ 5 വരെയുള്ള ക്ലാസുകളിലായി ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. സ്‌കൂൾ കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് 2021-ൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരവധി തവണ അപേക്ഷ നിരസിക്കുകയായിരുന്നു.
കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ 2023-24 അദ്ധ്യയന വർഷം മുതൽ സ്‌കൂളിലെ തസ്തിക നിർണ്ണയ ഉത്തരവുകൾ വിദ്യാഭ്യാസ അധികൃതർ പുറപ്പെടുവിക്കാതെ അദ്ധ്യാപകരുടെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ശമ്പളം ലഭിക്കാത്ത സാഹചര്യം അദ്ധ്യാപകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കും മാനസിക സമ്മർദ്ദത്തിനും ഇടയാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.
കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് അതിയന്നൂർ ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയറാണെന്നും കെട്ടിട നിർമ്മാണത്തിൽ കെപിബിആർ 2019-ലെ നിർമ്മാണ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടുള്ളതിനാൽ, കെട്ടിടത്തിന് ഗ്രാമപഞ്ചായത്തിൽ നിന്നും നമ്പർ അനുവദിക്കാത്തത് കാരണമാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതെന്നും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് ചെയ്തു.
ALSO READ; ജനതാദൾ എസ് കേരള ഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കും; സ്പീക്കർക്ക് കത്ത് നൽകി
2021-ൽ ഫിറ്റ്‌നസിനായി അപേക്ഷ സമർപ്പിച്ചിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ കമ്മീഷൻ പഞ്ചായത്ത് അധികൃതരോട് അതൃപ്തി രേഖപ്പെടുത്തി. ഹർജിയിൽ കളക്ടറെ എതിർകക്ഷിയാക്കിയ കമ്മീഷൻ പഞ്ചായത്ത് അധികൃതരെയും സ്‌കൂൾ മാനേജ്‌മെന്റിനെയും നേരിൽ കേട്ട് രേഖകൾ പരിശോധിച്ച്, സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് രണ്ട് മാസത്തിനകം കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകി തുടർ നടപടികൾ അവസാനിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

