
കേരളത്തിലെ വിദ്യാഭ്യാസ രംഗം അനുദിനം വളർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഭിന്നശേഷി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് കേരള സർക്കാർ.
എല്ലാം ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെയുള്ള മോഡൽ ഓട്ടിസം കോംപ്ലക്സുകൾ ഒരുക്കാൻ ഒരുങ്ങുകയാണ് കേരള സർക്കാർ. മന്ത്രി വി ശിവൻകുട്ടിയാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെ ‘മോഡൽ ഓട്ടിസം കോംപ്ലക്സുകൾ’ നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഓട്ടിസം സ്പെക്ട്രം ഡിസോഡർ ബാധിച്ച കുട്ടികളുടെ വ്യക്തിഗത പഠനത്തിനും വിവിധ തെറാപ്പികൾക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഈ കോംപ്ലക്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. ബാരിയർഫ്രീ പ്രവേശനം, സ്പീച്ച് – ഒക്യുപ്പേഷണൽ തെറാപ്പി മുറികൾ, കൗൺസലിംഗ് സെന്ററുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും.കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ഏകദേശം 2 കോടി 70 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ നമുക്ക് സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


