
പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ മരണത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും വേദനാജനകവുമാണെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അദ്ദേഹം തനിക്ക് ഒരു സുഹൃത്തിനുമപ്പുറം ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നുവെന്ന് മോഹൻലാൽ പ്രതികരിച്ചു.
“എന്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്തതും വേദനാജനകവുമാണ്. അതീവ ദുഃഖത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു. അദ്ദേഹം ഒരു സുഹൃത്തിനപ്പുറം ഏറെ പ്രിയപ്പെട്ടൊരാളായിരുന്നു. സ്നേഹത്തോടെ അദ്ദേഹം എന്നും എന്റെ ഓർമകളിൽ ജീവിക്കും, മോഹൻലാൽ പോസ്റ്റിൽ കുറിച്ചു.
മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ സിനിമകളിൽ റോയി നിർമാണ പങ്കാളിയായി പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ശ്രദ്ധേയനായ സി ജെ റോയ് ആദായനികുതി ഉദ്യോഗസ്ഥർ ഓഫിസിൽ റെയ്ഡ് നടത്തവെ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. 57 വയസായിരുന്നു. ബെംഗളൂരുവിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്തായിരുന്നു ബിസിനസ് ലോകത്തെയും മലയാളികളെയും നടുക്കിയ ദാരുണ സംഭവം നടന്നത്.
സ്വന്തം തോക്കിൽനിന്നാണ് അദ്ദേഹം നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്. ഉടൻ തന്നെ എച്ച്‍എസ്ആര്‍ ലേഔട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ചാണ് 2006-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് റോയ് സംരംഭകത്വത്തിലേക്ക് കടന്നുവരുന്നത്.
കോൺഫിഡന്റ് ഗ്രൂപ്പിനെ വിജയ പഥത്തിലെത്തിക്കാൻ റോയ്ക്കായി. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് ബെംഗളൂരുവിലും കേരളത്തിൽ വിവിധയിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലുമടക്കം നൂറിലേറെ റിയൽ എസ്റ്റേറ്റ് പദ്ധതികളിലായി വന്‍ നിക്ഷേപമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


