
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ. മൈക്കിനു മുന്നിലെത്തിയപ്പോൾ ലാലേട്ടാ എന്ന് വിളിച്ച് വിദ്യാർത്ഥികൾ സ്നേഹപ്രകടനം നടത്തി. കലാകാരൻ എന്ന നിലയിൽ കലോത്സവ വേദിയോട് വലിയ ആദരവാണെന്നും ഇത്തവണ ഇത്രയും വലിയൊരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം മത്സരമല്ല ഉത്സവമാണെന്നും മുന്നിലുള്ള അനന്തസാധ്യതകളെ തുറന്നെടുക്കുവാനുള്ള അവസരമാണ് കലോത്സവ വേദികളെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി ഖദർ ധരിച്ചെന്നും പിന്നെ കുട്ടികൾക്ക് വേണ്ടി കുറച്ച് മീശയും പിരിച്ചെന്നുമുള്ള പ്രിയപ്പെട്ട ലാലേട്ടന്‍റെ വാക്കുകൾ കുട്ടികൾ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തൃശ്ശൂർ സ്വദേശി അഭിഷേക് മോഹൻലാലിന്റെയും അമ്മയുടെയും ചിത്രം നടന് സമ്മാനിച്ചു.
കലോത്സവ വേദികളിൽ ജയപരാജയങ്ങൾ അപ്രസക്തമാണെന്നും കലാകാരന്മാർ അവരുടെ കഴിവുകളെ ഈ വേദികളിലേക്ക് മാത്രം ചുരുക്കാതെ മിനുക്കിയെടുത്ത് അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മോഹൻലാൽ പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖരായ പല താരങ്ങളും സംവിധായകരും ഇത്തരം കലോത്സവ വേദികളിലൂടെ വളർന്നുവന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലോത്സവങ്ങൾ കേവലം പ്രകടനങ്ങൾക്കുള്ള വേദിയല്ലെന്നും മറിച്ച് അത് കുട്ടികൾക്ക് കൂട്ടായ്മയുടെയും സാമൂഹ്യപാഠങ്ങളുടെയും കേന്ദ്രമാണെന്നും വ്യക്തിത്വത്തിൽ ആത്മവിശ്വാസം വളർത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

