വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘മുഖാമുഖം’ പരിപാടിക്ക് ഒക്ടോബർ 13 ന് തുടക്കം

MUKHAMUKHAM

സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സർക്കാർ പദ്ധതികൾ അവരിലെത്തിക്കുക, പുതിയ ആശയങ്ങൾ സ്വരൂപിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള വനിതാ കമ്മീഷൻ ആഭിമുഖ്യത്തിൽ ‘മുഖാമുഖം’ പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 മുതൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ വച്ച നടക്കും. മന്ത്രിമാരായ വീണാ ജോർജ്, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇറങ്ങിച്ചെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
പരിപാടിയുടെ ആദ്യ ദിനം “നാം മുന്നോട്ട് – സ്ത്രീശക്തി വരും നാളുകളിൽ” എന്ന വിഷയത്തിലുള്ള മുഖാമുഖം ആണ് നടക്കുക. വനിതാ – ശിശു വികസന, ആരോഗ്യ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. സർക്കാർ പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി. ഗീനാകുമാരി വിഷയാവതരണം നടത്തും. കമ്മീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സന്നദ്ധ സംഘടനാ പ്രതിനിധികളും വുമൺ ഫെസിലിറ്റേറ്റർമാരുമാണ് ഈ ദിനം പരിപാടിയുടെ ഭാഗമാക്കുക.

ALSO READ: ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റിലൂടെ തൊഴിൽ; “സ്കിൽപൂരം ” പദ്ധതിക്ക് തുടക്കം

രണ്ടാം ദിനത്തിൽ “നൂതന കുടുംബശ്രീ സംരംഭങ്ങൾ – സാധ്യത, അവലോകനം” എന്ന വിഷയത്തിലാണ് ചർച്ച. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെഷൻ ഉദ്‌ഘാടനം ചെയ്യും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം യുവതികളുടെ സാമൂഹിക, സാംസ്കാരിക, ഉപജീവന ഉന്നമനത്തിനായി സൃഷ്ടിക്കുന്ന പുതിയ തൊഴിൽ സാധ്യതകൾ പരിപാടിയിൽ ചർച്ച ചെയ്യും. കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ സി. വിഷയാവതരണം നടത്തും. മൂന്നാം ദിനം “സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ” എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. . കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാർ വിഷയാവതരണം നടത്തും. വിവിധ ടൂറിസം ക്ലബ്ബുകൾ, ഉത്തരവാദിത്ത ടൂറിസം രംഗത്തെ വനിതാ സംരംഭകർ, വിദ്യാർഥി കൂട്ടായ്മകൾ എന്നിവർ ഇതിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News