
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പ് നിർമാണം അതിവേഗം പുരോഗമിക്കുന്നു. ദുരന്തബാധിതർക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയിൽ ഇതിനോടകം 122 വീടുകളുടെ വാർപ്പ് പൂർത്തിയായിക്കഴിഞ്ഞു. അഞ്ച് സോണുകളിലായാണ് നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടൗൺഷിപ്പിന്റെ ചിത്രങ്ങൾ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവച്ചിട്ടുണ്ട്.
ആകെ 344 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. ഇതിൽ 326 വീടുകളുടെ അടിത്തറയൊരുക്കലും 305 വീടുകളുടെ പ്ലെയിൻ സിമന്റ് കോൺക്രീറ്റ് (പി.സി.സി) പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. 302 വീടുകളിൽ സ്റ്റമ്പ്, 287 വീടുകളിൽ പ്ലിന്ത്, 243 വീടുകളിൽ ഷിയർ വാൾ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഏഴ് വീടുകളുടെ പ്ലാസ്റ്ററിങ് ജോലികളും 49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തികളും നിലവിൽ പൂർത്തിയായിട്ടുണ്ട്.
ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബി വിതരണ ലൈനുകൾ മാറ്റി സ്ഥാപിച്ചു. കൂടാതെ 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകൾ എൽസ്റ്റണിൽ സ്ഥാപിച്ചിട്ടുണ്ട്. ടൗൺഷിപ്പിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്നതിനായി ആകെ 11.423 കിലോമീറ്റർ റോഡുകളാണ് നിർമിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ഇതിന്റെ നിർമ്മാണം. 12.65 മീറ്റർ വീതിയിൽ 1100 മീറ്റർ ദൈർഘ്യമുള്ള പ്രധാന റോഡിന്റെ 490 മീറ്റർ പൂർത്തിയായി. വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന 9.5 മീറ്റർ വീതിയുള്ള 2.770 കിലോമീറ്റർ റോഡിന്റെ 906 മീറ്റർ പൂർത്തിയായി.
ഗതാഗത സൗകര്യത്തിന് പുറമെ, ഒൻപത് ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് സംവിധാനം എന്നിവയുടെ നിർമ്മാണവും സജീവമാണ്. നിലവിൽ 1300-ലധികം തൊഴിലാളികൾ രാപ്പകൽ വ്യത്യാസമില്ലാതെ ടൗൺഷിപ്പിൽ ജോലി ചെയ്യുന്നുണ്ടെന്നും, വരും ദിവസങ്ങളിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ച് നിർമ്മാണം കൂടുതൽ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

