കൂവാൻ സർക്കാരും പാ‌‌ർട്ടിയും ആളെ ഇറക്കിയതാണെന്ന് പറഞ്ഞവർ ഇതും കാണുന്നുണ്ടല്ലോ അല്ലേ?

മുണ്ടക്കൈ-ചൂരൽമല അതിജീവിത കുടുംബങ്ങൾക്കായുള്ള സർക്കാർ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ ടി സിദ്ദിഖ് എംഎൽഎയുടെ പേര് എപ്പോഴൊക്കെ ഉയർന്നുവോ അപ്പോഴൊക്കെ അതിനുമുച്ചത്തിൽ മുഴങ്ങിക്കേട്ടത് ഈ കൂവലുകളാണ്. കൂവിയതെന്തിനാണെന്നൊന്നും വിശദീകരിക്കേണ്ട കാര്യമില്ല. തുടക്കംതൊട്ട് സർക്കാരിനെ പഴിചാരിയ, ടൗൺഷിപ്പിനെയടക്കം തകർക്കാൻ ശ്രമിച്ച കോൺ​ഗ്രസിനും അവരുടെ എംഎൽഎയ്ക്കുമുള്ളതാണ് ഈ കൂവൽ.

ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് പറഞ്ഞ് നടന്നിട്ട്, ടൗൺഷിപ്പ് ഇലക്ഷൻ സ്റ്റണ്ടാണെന്നടക്കം പറഞ്ഞിട്ട് ഒടുക്കം ക്രെഡിറ്റ് ഏറ്റെടുക്കാൻ മത്സരമാണ് കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ. ​ഗതികേടെന്നേ പറയാനുള്ളൂ.

ഇപ്പോഴിതാ കൂവാൻ സർക്കാരും പാർട്ടിയും ആളെ ഇറക്കിയതാണെന്നടക്കം പ്രചാരണം തുടങ്ങിയിട്ടുണ്ട്. ​ദുരന്തബാധിതരുൾപ്പെടെ അവിടെ ടി സിദ്ദിഖിനെതിരെ കൂവാനുണ്ടായിരുന്നു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫും പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടിട്ടും ജനം കൂവൽനിർത്തിയില്ല. അവരുടെ അനുഭവങ്ങളിൽ നിന്ന് ഉയർന്നതാണ് ആ കൂവൽ.

അപ്പോഴിതാ സിദ്ദിഖ് എംഎൽഎ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. മൂന്ന് നാല് സ്ത്രീകൾ എംഎൽഎയെ പിന്തുണച്ച് സംസാരിക്കുന്നതാണ് വീഡിയോ. കൂവിയത് സിപിഐഎമ്മുകാരാണെന്നും ജനങ്ങൾ തനിക്കൊപ്പമാണെന്നും സ്ഥാപിക്കാനാകും വീഡിയോ പോസ്റ്റ് ചെയ്തത്. പക്ഷേ പാളിപ്പോയി.

ടൗൺഷിപ്പിൽ വീട് ലഭിച്ച ദുരന്തബാധിതരാണ് അവരെന്ന തരത്തിലാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇവർ ടൗൺഷിപ്പിൽ വീട് ലഭിച്ചവരല്ല, കോൺഗ്രസ് വീട് വെച്ച് നൽകുന്ന സ്ഥലത്ത് വെച്ച് മാധ്യമങ്ങളോട് ഇവർ സംസാരിച്ചിട്ടുമുണ്ട്. സിദ്ദിഖ് എംഎൽഎയുടെ ഈ വീഡിയോ നേരത്തെ പ്ലാൻ ചെയ്ത പിആർ വർക്കാണെന്ന് വ്യാപക വിമർശനവും ഉയരുകയാണ്. ഇപ്പോൾ കൂവൽ ഉണ്ടായതിന്റെ കാരണമൊക്കെ എല്ലാവർക്കും മനസിലായിട്ടുണ്ടാകുമല്ലോ അല്ലേ. ജനങ്ങളെ ഇങ്ങനെ പറഞ്ഞുപറ്റിക്കുന്നവരെ ജനങ്ങൾ കൂവി ഓടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സർക്കാർ എന്ത് ചെയ്തുവെന്നും പ്രതിപക്ഷക്കൂട്ടം എന്ത് ചെയ്തില്ലെന്നും മുണ്ടക്കൈ-ചൂരൽമലയിലെ മനുഷ്യർക്കും മലയാളികൾക്കൊട്ടാകെയും നന്നായറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here