
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുരാരി ബാബുവിനെ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടി റിമാൻഡ് ചെയ്തത്. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് മുരാരി ബാബുവിനെ മാറ്റുക
രണ്ട് കേസുകളിലാണ് മുരാരി ബാബുവിനെ ഹാജരാക്കിയത്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണ കവർച്ച, കട്ടിള പാളി സ്വർണ്ണക്കവർച്ച എന്നീ കേസിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ദ്വാരപാലക കേസിൽ രണ്ടാം പ്രതിയും കട്ടള പടി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിന്റെ ആഴവും പരപ്പും കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. ഈ മാസം 29ന് പ്രൊഡക്ഷൻ വാറൻറ് നൽകും. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇന്നലെ രാത്രി പത്തുമണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. എസ് പി ശശിധരന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ 2025ലെ മിനിട്സ് ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു.
ALSO READ: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസ്; രണ്ട് SDPI പ്രവര്‍ത്തകര്‍ കീഴടങ്ങി
ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസില്‍ രണ്ടാം പ്രതിയാണ് നിലവിൽ സസ്പെൻഷനിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ മുരാരി ബാബു. സ്വർണ്ണക്കൊള്ള നടക്കുന്ന 2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ഇയാൾ. സ്വർണ്ണപാളിയെന്ന് രേഖപ്പെടുത്തിയ ദേവസ്വം ബോർഡ് രേഖകൾ തിരുത്തി ചെമ്പു പാളിയെന്ന് മാറ്റിയത് മുരാരി ബാബുവാണ്. സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കാനാണ് ബോധപൂർവ്വം ഈ ഗുരുതര വീഴ്ച വരുത്തിയത് എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2024ലും 2025ലും പാളികൾ ചെമ്പ് ആണെന്ന് മുരാരി ബാബു രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ശക്തമായ തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി 10 മണിയോടെ മുരാരി ബാബുവിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തു. പിന്നാലെ രാവിലെ ഒമ്പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് 2019ലെ ദേവസ്വം ബോർഡ് മിനിട്സ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതോടൊപ്പം 2024-25 കാലത്തെ മിനിട്സ് രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ ഉടൻ കൈമാറുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

