
ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയ്ക്ക് ഇടയിലാണ് സംഗീത സംവിധായകനായ എം ജയചന്ദ്രൻ പഴയകാല സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയിൽ നിന്നും പുതിയ കാലത്തേക്ക് വരുമ്പോഴുളള മാറ്റങ്ങളെ ചൂണ്ടിക്കാണിച്ചത്. ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും വലിയ വികസന മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച മേഖലയണ് പൊതു വിദ്യാഭ്യാസ വകുപ്പ്. മലയാളത്തിലെ ‘മാണിക്യക്കല്ല്’ എന്ന സിനിമയിലെ മണാന്മല സ്കൂൾ പോലെ കെട്ടിടങ്ങൾ പൊട്ടിപ്പൊളിഞ്ഞും, ക്ലാസ്സിലിരിക്കുമ്പോൾ ഓടുകൾ തലയിൽ വീഴാറായുമുള്ള അവസ്ഥയിലായിരുന്നു പല സർക്കാർ സ്കൂളുകളും ഉണ്ടായിരുന്നത് എന്ന് എം ജയചന്ദ്രൻ ഓർക്കുന്നു. എന്നാൽ ഇന്ന് സ്ഥിതി പൂർണ്ണമായും മാറി, സ്കൂളുകളെല്ലാം സ്മാർട്ട് ക്ലാസ്സുകളായി മാറുകയും മികച്ച രീതിയിൽ പുതുക്കിപ്പണിയുകയും ചെയ്തിരിക്കുന്നു. ഏകദേശം 550 പുതിയ സ്കൂളുകളാണ് ഹൈടെക് സൗകര്യങ്ങളോടെ അടുത്തിടെ അപ്ഡേറ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.
ഒരിക്കൽ ജൂണിൽ സ്കൂൾ തുറന്ന് ഒന്നര മാസം കഴിഞ്ഞാണ് കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നത്. പുസ്തകങ്ങൾ വൈകിയെത്തിയതിനെ തുടർന്ന് പഠനം തന്നെ മന്ദഗതിയിലാകുന്ന അവസ്ഥയായിരുന്നു പല സർക്കാർ സ്കൂളുകളിലും. എന്നാൽ ഇന്ന് സ്ഥിതി പൂർണ്ണമായും മാറിയിരിക്കുകയാണ്. സ്കൂൾ തുറക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിലൂടെ ആദ്യ ദിനം മുതൽ പഠനം ക്രമബദ്ധമായി ആരംഭിക്കാൻ സാധിക്കുന്നു.
ഇന്നത്തെ സർക്കാർ സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, പ്രോഗ്രാമിംഗ് പരിശീലനം തുടങ്ങിയ സൗകര്യങ്ങൾ സാധാരണമാണ്. പഠനത്തോടൊപ്പം തന്നെ കുട്ടികൾക്ക് സ്കൂളിൽ നിന്ന് പ്രാതലും ഉച്ചഭക്ഷണവും ലഭിക്കുന്നതും മാതാപിതാക്കൾക്ക് വലിയ ആശ്വാസമാണ്. സ്വകാര്യ സ്കൂളുകളിലെ സൗകര്യങ്ങൾക്കാണ് ഒരിക്കൽ മുൻഗണന നൽകിയിരുന്നത് എങ്കിൽ, ഇന്ന് സർക്കാർ സ്കൂളുകൾ തന്നെ മികച്ച ബദലായി മാറിയിരിക്കുകയാണെന്നും എം ജയചന്ദ്രൻ പറയുന്നു.
പാഠ്യപദ്ധതിയിലും കാലാനുസൃതമായ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എഐ, സൈബർ സെക്യൂരിറ്റി, മൊബൈൽ ആപ്പ് ഡെവലപ്മെന്റ്, റോബോട്ടിക്സ്, ത്രീഡി മോഡലിംഗ് തുടങ്ങിയ അഡ്വാൻസ്ഡ് വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. ഭാവിയിലെ തൊഴിൽ മേഖലകളെ ലക്ഷ്യമിട്ട് കുട്ടികളെ സജ്ജരാക്കുന്ന രീതിയിലാണ് പഠനക്രമം രൂപകല്പന ചെയ്തിരിക്കുന്നത്. ഇത്രയും ആധുനിക സൗകര്യങ്ങളും അവസരങ്ങളും ലഭിക്കുന്ന ഇന്നത്തെ തലമുറ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം പറയുന്നു. സ്കൂളുകളുടെ ഈ മാറ്റം കണ്ടാൽ വീണ്ടും വിദ്യാർത്ഥിയായി പഠിക്കാൻ പോകണമെന്ന ആഗ്രഹം പോലും തോന്നുകയാണെന്നും യഥാർത്ഥത്തിൽ ഇന്ന് സർക്കാർ സ്കൂളുകളുകൾ ഹൈടെക് വിദ്യാഭ്യാസത്തിന്റെ പുതിയ മാതൃകയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിലെ ആങ്കർ മീനാക്ഷിയും എം ജയചന്ദ്രന്റെ അഭിപ്രായങ്ങക്ക് പൂർണ പിന്തുണ നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

