
നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് മാനവികതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയാണ് കേരളത്തിലുള്ളതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് കൽപറ്റയിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർണ്ണ മേധാവിത്വവും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന കേരളത്തിന്റെ ദുർഘടമായ ഭൂതകാലത്തിൽ നിന്നുള്ള രക്ഷപ്പെടലിന് ഇടത് പ്രസ്ഥാനങ്ങൾ വഹിച്ച പങ്കിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.
ജാതിയിൽ താഴ്ന്നവരെന്ന് വിളിക്കപ്പെട്ടവർക്ക് പൊതുവഴിയിലൂടെ നടക്കാൻ പോലും അനുവാദമില്ലാത്ത ആ കാലഘട്ടത്തിലാണ് സ്വാമി വിവേകാനന്ദൻ കേരളത്തെ ഒരു ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ചത്. എന്നാൽ ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ പോരാട്ടങ്ങളും തുടർന്ന് വന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുമാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
മാനവികതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കലാപങ്ങൾ നടക്കുമ്പോൾ, കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ കലാപങ്ങൾ ഇല്ലാത്തത് വർഗീയ ശക്തികളെ തലപൊക്കാൻ ഇടതുപക്ഷ സർക്കാർ അനുവദിക്കാത്തത് കൊണ്ടാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


