
എത്ര മൂടിവച്ചാലും ആർഎസ്എസിന്‍റെ ജീർണത പുറത്തുവരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ആ ജീർണതയാണ് സ്വന്തം നേതാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും, രാജീവ് ചന്ദ്രശേഖർ പറയുന്ന വികസനം സ്വന്തം വികസനമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. BJP- മാഫിയ കൂട്ടുകെട്ടിനെതിരെ തിരുവനന്തപുരത്ത് സിപിഐഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലർ തിരുമല അനിലിന്‍റെയും, ആർഎസ്എസ് പ്രവർത്തകനായ ആനന്ത് കെ തമ്പിയുടെയും മരണത്തിന് ഉത്തരവാദി ആർഎസ്എസ്- ബിജെപി കൂട്ട് കെട്ടാണ്. ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ആർ എസ് എസുകാരനായതാണ് എന്ന് ഇരുവരും ഉള്ളിൽ തട്ടി എഴുതിയതാണെന്നും സിപിഐഎം തിരുമലയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് കോർപറേറ്റ് മുതലാളി വരുന്നത്. കർണാടകയിൽ 500 കോടി രൂപയുടെ തട്ടിപ്പ് ആരോപണമാണ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്നത്. ഇതുപോലുള്ള വ്യക്തിയോട് മണ്ണ്, ഭൂ മാഫിയയെക്കുറിച്ച് പറഞ്ഞാൽ രക്ഷയുണ്ടാകില്ലെന്നും, ഇങ്ങനെയൊരാൾ നേതൃത്വത്തിലേക്ക് വരുമ്പോഴാണ് ആത്മഹത്യ പരമ്പരയുണ്ടാകുന്നതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
ഏത് ബാങ്കിൽ നിന്നും പണം മോഷ്ടിക്കുന്നവരായി ബിജെപി മാറി. ജനറൽ സെക്രട്ടറി 43 ലക്ഷം തട്ടിയപ്പോൾ വൈസ് പ്രസിഡൻ്റ് 45 ലക്ഷമാണ് തട്ടിയത്. ബിജെപി കേരളത്തിൽ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ജീർണതയുടെ മുഖമാണിതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജീവ് ചന്ദ്രശേഖർ പറയുന്ന വികസനം നാടിൻ്റെ വികസനമല്ല, സ്വന്തം വികസനമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

