
സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും കൊയിലാണ്ടി എംഎൽഎയുമായിരുന്ന കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സൗമ്യമായ ഇടപെടൽ മുഖമുദ്രയാക്കിയ നേതാവിനെയാണ് കാനത്തിൽ ജമീലയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, എംഎൽഎ എന്നീ നിലകളിലെല്ലാം ഉയർന്ന് പ്രവർത്തിച്ച നേതാവായിരുന്നു അവർ. ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും നിയമസഭയിൽ അവതരിപ്പിക്കാനും ജമീലയ്ക്ക് സാധിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നിരവധി വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ നേതൃപരമായ പങ്കാണ് അവർ വഹിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി മണ്ഡലത്തിന്റെ സമഗ്രമായ വികസനത്തിനുള്ള ഇടപെടലുകളും അവർ നടത്തിയിരുന്നു. താഴെതട്ടിലുള്ള മനുഷ്യരുമായി അഗാധമായ ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു.
അർബുദ രോഗബാധിത ആയിരിക്കുമ്പോഴും പൊതുപ്രവർത്തന രംഗത്ത് സജീവമായിരിക്കാൻ അവർ ശ്രമിച്ചിരുന്നു. രോഗാവസ്ഥയെ അതിജീവിച്ച് തിരിച്ച് വരുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് കാനത്തിൽ ജമീല മരണത്തിന് കീഴടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ പാർട്ടി പ്രവർത്തകരുടെയും കുടുംബംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

