
ലോകം കണ്ട ഏറ്റവും വലിയ പണിമുടക്കിനെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. തൊഴിലാളി വർഗ്ഗത്തിന്റെ ഐതിഹാസികമായ പോരാട്ടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന സതീശൻ, താനാണ് യഥാർത്ഥ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ, കേരളത്തിൽ മാത്രം സതീശൻ സമര ദിനത്തിൽ ജാഥ നടത്തിയത് ഏത് നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചോദിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാരമ്പര്യമുള്ള കോൺഗ്രസ് ഒരിക്കലും ഇടതുപക്ഷമാകില്ലെന്നും, ബി.ജെ.പിയെപ്പോലെ തന്നെ അവരും തീവ്ര വലതുപക്ഷ നിലപാടുകാരാണെന്നും ഗോവിന്ദൻ മാസ്റ്റർ തുറന്നടിച്ചു. നെഹ്രുവിസത്തെ പറ്റി പ്രാഥമിക ധാരണ പോലും സതീശനില്ലെന്നും വെറും വാചകക്കസർത്തു കൊണ്ട് ആർക്കും ഇടതുപക്ഷമാകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളി വർഗ്ഗ സമരങ്ങൾ ലോകത്ത് ഒരിക്കലും കാലഹരണപ്പെടില്ലെന്നും സാമൂഹിക പരിവർത്തനം അനിവാര്യമായിരിക്കുന്നിടത്തോളം അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശമായ ഡി.എ (DA) കുടിശ്ശിക സർക്കാർ കൊടുത്തുതീർക്കണമെന്നതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നയമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

