
ജമാഅത്തെ ഇസ്‌ലാമിയുടെ വർഗീയ നിലപാടുകളോട് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും ആർഎസ്എസിനോടും സംഘപരിവാറിനോടും ഉള്ള അതേ നിലപാട് തന്നെയാണ് ഇവർക്കെതിരെയും ഉള്ളതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഭൂരിപക്ഷ വർഗീയതയ്ക്കെതിരായ പോരാട്ടത്തിന്‍റെ പ്രധാന കേന്ദ്രമെന്ന രീതിയിൽ സ്വയം അവതരിപ്പിച്ചുകൊണ്ട് ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ.
ജമാഅത്തെ ഇസ്‌ലാമിയുടെ ഈ ആശയങ്ങളുടെ സ്വാധീനം മുസ്ലിം ലീഗിലേക്കും കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എം ഷാജിയെപ്പോലുള്ള നേതാക്കൾ പച്ചയായി വർഗീയത സംസാരിക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തിയ ഈ ആശയ പശ്ചാത്തലമാണെന്ന് അദ്ദേഹം ആരോപിച്ചു.
എൽഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും ചേർന്ന് ഒന്നിച്ചു ഭരിച്ചിട്ടുണ്ടെന്ന പ്രചാരണം തെറ്റാണ്. ഇടതുപക്ഷ മുന്നണി ഒരു നിമിഷം പോലും ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ല. തങ്ങളുടെ വർഗീയ രാഷ്ട്രീയ സഖ്യത്തെ മറച്ചുവെക്കാൻ യുഡിഎഫും ജമാഅത്തെ ഇസ്‌ലാമിയും ചേർന്ന് ബോധപൂർവ്വം നടത്തുന്ന കള്ളപ്രചാരണമാണിതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി മതനിരപേക്ഷമായ ഉള്ളടക്കത്തെ അംഗീകരിക്കുകയും വർഗീയ പരാമർശങ്ങളെ തള്ളിക്കളയുകയുമാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

