
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സി.പി.ഐ എം നടത്തുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. വികസനത്തുടർച്ചയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ കേരളത്തെ ഏത് മേഖലയിലാണ് വി.ഡി. സതീശൻ ഒന്നാം സ്ഥാനത്തെത്തിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.
ജാഥയ്ക്ക് ലഭിക്കുന്ന സ്വീകാര്യത സർക്കാരിന്റെ ജനകീയ നയങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനത്തെക്കുറിച്ച് മിണ്ടാൻ ഭയക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കള്ളം പറയലാണ് തന്റെ പ്രധാന ജോലിയായി മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ : ലോകോത്തര അർബുദ ചികിത്സ ഇനി ഒരു കുടക്കീഴിൽ; കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ ഇന്ന് ജനങ്ങൾക്കായി സമർപ്പിക്കും
രാജീവ് ചന്ദ്രശേഖറിനും ജമാഅത്തെ ഇസ്‌ലാമിക്കും വർഗീയ നിലപാടില്ലെന്നാണ് വി.ഡി. സതീശൻ പറയുന്നത്. വർഗീയ ശക്തികളോടുള്ള കോൺഗ്രസിന്റെ ഈ മൃദുസമീപനത്തിൽ ഹൈക്കമാൻഡ് വ്യക്തമായ നിലപാട് പറയണം. മറ്റത്തൂർ ഉൾപ്പെടെയുള്ള മേഖലകളിൽ കോൺഗ്രസ്-ബിജെപി അന്തർധാര ഇപ്പഴും തുടരുകയാണ്. വർഗീയതയെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്തയുടെ പ്രമേയത്തിൽ വ്യക്തമായ നിലപാട് പറയാൻ മുസ്ലിം ലീഗ് ഇനിയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ എൻ.എം. രാജു ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ അതീവ ഗുരുതരമാണ്. ഈ പണമിടപാടിന്റെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കണം. പൊതുപ്രവർത്തന രംഗത്തുള്ളവർക്കെതിരെ ഇത്തരമൊരു ആരോപണം ഉയരുന്നത് ഗൗരവകരമാണെന്നും ഇതിൽ അന്വേഷണം അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടർച്ചയുണ്ടായാൽ ‘പാവപ്പെട്ടവർ’ എന്ന പ്രയോഗം തന്നെ ഇല്ലാത്ത വിധം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്നും കേരളത്തെ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം എത്തിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അവ കൃത്യമായി പരിശോധിക്കുമെന്നും ഉൾക്കൊള്ളേണ്ട വിമർശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

