വോട്ടർ പട്ടികയിലെ തെറ്റുകൾ: ‘വോട്ടർമാർക്ക് ഹിയറിങ്ങ് നോട്ടീസ് അയച്ചത് അസാധാരണ നടപടി’; ഇലക്ഷൻ കമ്മീഷന്‍റെ സംവിധാനങ്ങൾ വരുത്തിയ തെറ്റിന് വോട്ടർമാരെ ശിക്ഷിക്കരുതെന്ന് എംവി ജയരാജൻ

വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനെന്ന പേരിൽ ആയിരക്കണക്കിന് വോട്ടർമാർക്ക് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകിയത് അസാധാരണ നടപടിയെന്ന് എം വി ജയരാജൻ. ഇലക്ഷൻ കമ്മീഷന്‍റെ നടപടി വോട്ടർമാരെ ബുദ്ധിമുട്ടിക്കാനും പട്ടികയിൽ നിന്ന് പേര് വെട്ടാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഓരോ ജില്ലയിലും ഒന്നര മുതൽ രണ്ട് ലക്ഷത്തോളം വോട്ടർമാർക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നീക്കം ചെയ്ത 24 ലക്ഷം പേർക്ക് പുറമെ, നോൺ മാപ്പിംഗ് കാരണം 19.32 ലക്ഷം പേർക്കും മറ്റ് സാങ്കേതിക കാരണങ്ങളാൽ 11 ലക്ഷം പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ആകെ ഏകദേശം 65 ലക്ഷത്തോളം വോട്ടർമാരുടെ പേര് പട്ടികയിൽ ഉണ്ടാകുമോ എന്ന ആശങ്കയാണ് നിലവിലുള്ളതെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

ALSO READ; ‘വോട്ട് ലക്ഷ്യമാക്കി വർഗീയത പ്രോത്സാഹിപ്പിക്കുന്നു’; UDF കാണിക്കുന്നത് തരംതാണ രാഷ്ട്രീയമെന്ന് മന്ത്രി സജി ചെറിയാൻ

ലിംഗവ്യത്യാസം, മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രായവ്യത്യാസം 50 വയസ്സിൽ കൂടുതലാകുന്നത്, പേര്, വിലാസം എന്നിവയിലെ പിശകുകൾ തുടങ്ങിയവയാണ് തിരുത്താനായി ആവശ്യപ്പെടുന്നത്. വോട്ടർ പട്ടിക തയ്യാറാക്കിയത് ബി എൽ ഒമാരടക്കമുള്ള ഇലക്ഷൻ കമ്മീഷന്റെ തന്നെ സംവിധാനങ്ങളാണ്. ഈ സംവിധാനങ്ങൾ വരുത്തിയ തെറ്റിന് വോട്ടർമാർ ഹിയറിങ്ങിന് ഹാജരാകണം എന്ന് പറയുന്നത് അവരെ ബുദ്ധിമുട്ടിക്കലാണെന്നും എം വി ജയരാജൻ പറഞ്ഞു.

വോട്ടർമാരെ ഹിയറിങ്ങിന് വിളിക്കാതെ ബിഎൽഒമാരെ ചുമതലപ്പെടുത്തി ഈ തെറ്റുകൾ തിരുത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News