
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നാഗ്‌പൂരിൽ മലയാളി ക്രൈസ്തവ വൈദികനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സഹായികളെയും അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘപരിവാറിന്റെ ആസൂത്രിതമായ നീക്കമാണിതെന്ന് അദ്ദേഹം തന്റെ എക്സ് (X) പോസ്റ്റിലൂടെ ആരോപിച്ചു.
നേരത്തെ ജബൽപൂരിലും സമാനമായ രീതിയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കങ്ങൾ നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെ തകർക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങൾ; പ്രധാനമന്ത്രി മൗനം വെടിയണം: എ എ റഹീം എംപി
ജമ്മുവിലും മലയാളി വൈദികന് നേരെ ആക്രമണം നടത്തിയത് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ആയിരുന്നു. പാസ്റ്റർ ബേബി ജേക്കബിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. ക്രിസ്മസ് തലേന്നാണ് ആക്രമണം ഉണ്ടായത്. നിർബന്ധിത മതപരിവർത്തനം നടത്തി എന്ന് ആരോപിച്ചായിരുന്നു അതിക്രമം.
ജമ്മുവിലെ RS പുരയിലാണ് സംഭവം. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ ആണെന്ന് ആണ് റിപ്പോർട്ട്. 13 വർഷമായി ജമ്മുവിൽ സ്ഥിരതാമസമാക്കിയ ആളാണ് പാസ്റ്റർ ബേബി ജേക്കബ്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ എന്ന് വൈദികനും കുടുംബവും പറയുന്നു. വൈദികന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


