
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ യുഎസ് ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഡൊണാള്‍ഡ് ട്രംപിന്റെ കൊളോണിയൽ സാമ്രാജ്യത്വ മോഹവുമാണെന്ന് നാഷണൽ ലീഗ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ്. വെനസ്വേലയിലെ എണ്ണയടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു ഏകപക്ഷീയ ആക്രമണം ട്രംപ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറോയെയും ഭാര്യയെയും ബന്ദികളാക്കി അമേരിക്കയിലേക്ക് കൊണ്ടുവന്നു എന്നാണ് ട്രംപിന്റെ അവകാശവാദം. ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറി ഭരണാധികാരിയെ പിടിച്ചുകെട്ടാന്‍ മുതിര്‍ന്ന ട്രംപിന്റെ അഹങ്കാരം ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും എൻ കെ അബ്ദുൽ അസീസ് വ്യക്തമാക്കി.
ട്രംപിന്റെ അനിഷ്ടത്തിന് പാത്രീഭൂതരായവരെയെല്ലാം ഇങ്ങനെ ശരിയാക്കുമെന്ന സന്ദേശം കൂടിയാണ് ഇത് നല്‍കുന്നതെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു. അമേരിക്ക എന്ന ഒറ്റ കേന്ദ്രബിന്ദുവിലേക്ക് ലോകം ചുരുങ്ങണമെന്നാണ് ട്രംപിന്റെ മോഹം. ഏകപക്ഷീയ ചുങ്കം ചുമത്തലും ലോകത്തുടനീളം അശാന്തി വിതക്കലും പിന്നീട് സമാധാനത്തിന്റെ അപ്പോസ്തലനായി ചമയലുമെല്ലാം ഇതിന്റെ ഭാഗമാണ്. യുദ്ധവും അതിര്‍ത്തി സംഘര്‍ഷവുമില്ലാത്ത ഒരു വന്‍കര പോലുമില്ലാത്ത സ്ഥിതിയാണ് ലോകത്ത്. യു എന്നിനെ നോക്കുകുത്തിയാക്കി അമേരിക്ക ലോകം ഭരിച്ചാല്‍ ഇതിലപ്പുറം സംഭവിക്കും. ചേരിചേരാ നയത്തിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മടങ്ങി ഇത്തരം അധിനിവേശ ശക്തികള്‍ക്കെതിരെ രംഗത്തെത്തണമെന്നും നാഷണൽ ലീഗ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

