
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ പത്തനംതിട്ട ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളെയും കൺവൻഷനുകളെയും ഒഴിവാക്കി. ഭക്തർക്കും തീർഥാടകർക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്ന് സംയുക്ത സമരസമിതി കൺവീനർ കെ.സി. രാജഗോപാലൻ അറിയിച്ചു.
ഏഷ്യയിലെ തന്നെ വലിയ ക്രിസ്തീയ കൺവൻഷനുകളിലൊന്നായ മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ കൺവൻഷന്റെ ദീപശിഖാ പ്രയാണം എന്നിവയെ പണിമുടക്കിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മഞ്ഞനിക്കര തീർഥാടകർ, ശബരിമല തീർഥാടകർ എന്നിവർക്കും യാത്രാ തടസ്സമുണ്ടാകില്ല. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയതായും സമരസമിതി വ്യക്തമാക്കി.
ALSO READ : ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു
പണിമുടക്കുന്ന തൊഴിലാളികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രാവിലെ പ്രകടനം നടത്തുമെങ്കിലും പൊതുഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും ഇത് ക്രമീകരിക്കുക. അത്യാവശ്യ സർവീസുകൾക്കും തീർഥാടകർക്കും തടസ്സമുണ്ടാകില്ലെന്ന് സമിതി ഉറപ്പുനൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

