‘കേന്ദ്രത്തിൻ്റെ കടുംപിടുത്തം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ; രാജ്യത്ത് അടച്ചുപൂട്ടിയ സ്കൂളുകളുടെ കണക്കുപോലും കേന്ദ്രത്തിന് ലഭ്യമല്ല’: കെ രാധാകൃഷ്ണൻ എംപി

k radhakrishnan MP

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ പദ്ധതിയായ സമഗ്രശിക്ഷാ പദ്ധതിക്ക് 2024-25 സാമ്പത്തിക വർഷം അനുവദിച്ച 428.89 കോടി രൂപയുടെ കേന്ദ്ര വിഹിതം പൂർണമായും തടഞ്ഞുവെച്ചതായി ലോക്സഭയിൽ കെ രാധാകൃഷ്ണൻ എം പിയുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ മറുപടി. 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിന് പ്രോജക്ട് അപ്രൂവൽ ബോർഡ് അംഗീകരിച്ച 42,889.42 ലക്ഷം രൂപയിൽ (ഏകദേശം 428.89 കോടി) ഒരു രൂപ പോലും കേന്ദ്ര വിഹിതമായി അനുവദിച്ചിട്ടില്ല എന്ന് വ്യക്തം. മുൻവർഷങ്ങളിൽ പോലും അനുവദിച്ചതിൻ്റെ പകുതിയിൽ താഴെ മാത്രമാണ് കേന്ദ്രം നൽകിയതെന്ന് കെ രാധാകൃഷ്ണൻ എംപി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ അവകാശമാണ് ഈ ഫണ്ട്. ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ വേതനം, യൂണിഫോം വിതരണം, പാഠപുസ്തക വിതരണം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഈ ഫണ്ട് ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്. സമഗ്ര ശിക്ഷാ പദ്ധതി കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയാണെങ്കിലും, സംസ്ഥാന സർക്കാരുകൾ വലിയ സാമ്പത്തിക വിഹിതം ഇതിനായി മുടക്കുന്നുണ്ട്.

സ്കൂളുകൾ അടച്ചുപൂട്ടുന്നതിൽ കേന്ദ്രത്തിന് ഉത്തരമില്ല

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് എത്ര സർക്കാർ, സർക്കാർ സഹായമുള്ള സ്കൂളുകൾ അടച്ചുപൂട്ടി എന്നും, അതിൻ്റെ കാരണം എന്താണെന്നുമുള്ള എംപിയുടെ ചോദ്യത്തിൽ കേന്ദ്രം കൈമലർത്തി.വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്. അതിനാൽ, സ്കൂളുകൾ അടച്ചുപൂട്ടുന്നതും യുക്തിസഹമായി ക്രമീകരിക്കുന്നതും അതത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് മാത്രമാണ് കേന്ദ്രം മറുപടി നൽകിയത്. സ്കൂളുകൾ അടച്ചുപൂട്ടിയതിന്റെയോ അതിനുള്ള കാരണങ്ങളുടെയോ സംസ്ഥാനം തിരിച്ചുള്ള വിശദാംശങ്ങൾ കേന്ദ്രസർക്കാരിൻ്റെ പക്കലില്ല എന്നതും അതീവ ഗൗരവകരമാണ്.

ALSO READ: ‘കേന്ദ്രത്തിന്റേത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കൈകടത്തൽ’; IFFKയില്‍ സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

എങ്കിലും, കേന്ദ്രം നൽകിയ UDISE+ കണക്കുകൾ അനുസരിച്ച് 2020-21 മുതൽ 2024-25 വരെ രാജ്യത്തെ 18,727 സർക്കാർ സ്കൂളുകളും 4,946 സർക്കാർ സഹായമുള്ള സ്കൂളുകളും ഇല്ലാതായിട്ടുണ്ടെന്ന് എംപി പറഞ്ഞു. ഈ വലിയ കുറവിന് കാരണം എന്താണെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫണ്ട് തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രം ചൂണ്ടിക്കാട്ടിയ സാങ്കേതിക പ്രശ്നങ്ങളായ ഉപയോഗ സർട്ടിഫിക്കറ്റുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവയെല്ലാം സംസ്ഥാനം കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഫണ്ട് നൽകാതെ കാലതാമസം വരുത്തുന്നത് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് വിലങ്ങുതടിയാണ്. 1,160 കോടിയിലധികം വരുന്ന തടഞ്ഞുവെച്ച ഫണ്ടുകൾ ഉപാധികളില്ലാതെ ഉടൻ കേരളത്തിന് അനുവദിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കെ രാധാകൃഷ്ണൻ എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News