
കേരളാ സർവകലാശാല സംസ്കൃതവിഭാഗം മേധാവി സി എൻ വിജയകുമാരിക്ക് എതിരെ വീണ്ടും ആരോപണം. ഡീൻ എത്താത്തത് മൂലം ഗവേഷക വിദ്യാർത്ഥിനിയുടെ പ്രീ സബ്മിഷൻ മുടങ്ങി. ഇന്ന് രാവിലെ 10 മണിക്കാണ് മലയാളം വിഭാഗം ഗവേഷകയുടെ പ്രീ സബ്മിഷൻ നിശ്ചയിച്ചിരുന്നത്. പുറത്ത് നിന്നുള്ള വിദഗ്ധനും വകുപ്പ് മേധാവിയും അടക്കം എത്തിയിട്ടും സി എൻ വിജയകുമാരി വരാതിരുന്നതോടെ പ്രീ സബ്മിഷൻ ആരംഭിക്കാനായില്ല.
കാര്യങ്ങൾ വിശദീകരിച്ച് മലയാളം വകുപ്പ് മേധാവി രജിസ്ട്രാർക്ക് കത്ത് നൽകി. ഡീനിന്‍റെ സൗകര്യപ്രകാരം ആണ് ഇന്നത്തെ ദിവസം പ്രീ സബ്മിഷൻ വച്ചതെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. പലതവണ ഫോൺ വിളിച്ചിട്ടും വിജയകുമാരിയെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഈ സമയം കേരള സെനറ്റ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു സി എൻ വിജയകുമാരി.
അതേസമയം സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സി എൻ വിജയകുമാരിക്കും വിസിക്കും നേരെ ഇടത് സെനറ്റ് അംഗങ്ങളും എസ് എഫ് ഐയും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഡീൻ സ്ഥാനത്ത് നിന്ന് വിജയകുമാരിയെ നീക്കണമെന്നും ജാതി വിവേചനം കാണിക്കുന്നവരെ സംരക്ഷിക്കരുതെന്നും ആവശ്യപ്പെട്ട് എസ് എഫ് ഐ വിസി മോഹനൻ കുന്നുമ്മലിന്‍റെ വാഹനം തടഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


