
നിയമസഭയിൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവിനും സംഘത്തിനും ചുട്ടമറുപടി നൽകി മന്ത്രിമാർ. ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി കിട്ടിയതോടെ ‘ഈ കളിക്ക് ഞങ്ങളില്ല’ എന്ന ഭാവത്തിൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തുപോയി. ശബരിമല വിഷയത്തിലെ തങ്ങളുടെ സമരം തുടരുകയാണെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയത്. കഴിഞ്ഞദിവസം സഭയിൽ ഉണ്ടായ കാര്യങ്ങൾ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായി കാണുന്നു, ഇവിടെ കോപ്രായം നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബാനർ കെട്ടിയ കമ്പ് കൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലിയത് ആരാണെന്ന് താൻ പറയുന്നില്ല എന്ന മറുപടിയോടെയാണ് സ്പീക്കർ ഇതിനെ എതിരേറ്റത്. ഇത്തരത്തിൽ പ്രകോപിക്കാൻ ശ്രമിച്ചപ്പോൾ ചെയർ ഇടപെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ; സംസ്ഥാന ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും
സ്പീക്കറുടെ കാഴ്ച മറക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് ആരോപിച്ച എം ബി രാജേഷ് സ്വയം ന്യായീകരിച്ച് പരിഹാസ്യൻ ആവുകയാണ് പ്രതിപക്ഷ നേതാവെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ മേധാവായി മാറിയിരിക്കുകയാണ്. സോണിയ ഗാന്ധിയെ അധിക്ഷേപിച്ചെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ മന്ത്രി തള്ളി. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞിട്ടില്ല. ഞങ്ങൾ അറിയാതെ പോലും മോശം വാക്ക് ഉപയോഗിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ തെരുവിലിട്ട് ചെണ്ട കെട്ടുന്നതുപോലെ കൊട്ടാനുള്ള അവസരം ഉണ്ടാക്കിയത് പ്രതിപക്ഷ നേതാവാണെന്ന് പി രാജീവ് പരിഹസിച്ചു. കെ കരുണാകരന് പോലും സോണിയ ഗാന്ധിയുടെ അപ്പോയിൻമെന്‍റ് കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണ് പോറ്റിയെ സോണിയ ഗാന്ധിയുടെ മുന്നിൽ എത്തിച്ചതെന്നും പി രാജീവ് ചോദിച്ചു. ഇവർക്ക് ഇത്രമാത്രം സെക്യൂരിറ്റിയുള്ള ആളുടെ കൈയിൽ സ്വർണ്ണം കെട്ടാൻ അവസരം ഒരുക്കിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ;രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസ്; എത്തിക്സ് കമ്മിറ്റിയെ എതിരിടുമ്പോൾ പുറത്താകുന്ന ഇരട്ടത്താപ്പ്
ഞാൻ ഞാൻ എന്ന ഒറ്റ വികാരത്തിൽ അടിമപ്പെട്ടു നിൽക്കുകയാണ് പ്രതിപക്ഷനേതാവെന്നും അദ്ദേഹം വിമർശിച്ചു. സഭയിലെ സമരം പ്രതിപക്ഷത്തിന്റെ അല്ലെന്നും കനഗോലു പ്ലാൻ ചെയ്തതാണെന്നും വി ശിവൻകുട്ടി തുറന്നടിച്ചു. എല്ലാ തോന്ന്യവാസങ്ങളും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ബഹളം വെച്ച് പുറത്തു പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബജറ്റ് ചർച്ച ചെയ്യുന്നതിൽ സഹകരിക്കാത്തത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ പ്രതിപക്ഷ നേതാവിന് മന്ത്രിമാർ ഓരോരുത്തരായി ചുട്ട മറുപടി നൽകിയതോടെ ബഹളം വച്ചതിന് ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തുപോവുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

