
2002 ലെ വോട്ടർ പട്ടികയിൽ തിരുവല്ല എംഎല്‍എ മാത്യു ടി തോമസ് എംഎൽഎയുടെ പേര് ഇല്ല. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ് ഐ ആർ നടപ്പാക്കുന്നത്. ബി എൽ ഓ ആണ് എംഎൽഎയുടെ പേര് വോട്ടർപട്ടികയിൽ ഇല്ല എന്ന് വിവരം അറിയിച്ചത്. എസ് ഐ ആർ ഫോം പൂരിപ്പിക്കുന്ന ഘട്ടത്തിലാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. എല്ലാ തവണയും കൃത്യമായി വോട്ട് രേഖപ്പെടുത്തുന്ന വ്യക്തി ആണ് താനെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.
സാങ്കേതികമായി പേര് ഉൾപ്പെടുത്താൻ കഴിയുന്നില്ല എന്ന വിവരമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതെന്നും, ഇത് ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആറ് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും അഞ്ച് തവണ എം.എൽ.എ ആവുകയും ഒരു തവണ പാർലമെന്റിലേക്ക് മത്സരിക്കുകയും ചെയ്ത രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയാണ് താൻ. എന്നാൽ, നിലവിലെ പരിശോധനയിൽ 2002-ലെ വോട്ടർ സിസ്റ്റത്തിൽ പേര് കാണുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.
ALSO READ: ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും
തിരുവല്ല നിയോജകമണ്ഡലത്തിലെ നിരവധി പോളിംഗ് സ്റ്റേഷനുകളിലും അതുമായി ബന്ധപ്പെട്ട വോട്ടർ സിസ്റ്റത്തിലും പരിശോധിച്ചിട്ടും പേര് കാണുന്നില്ല. എന്നാൽ, 2002-ലെ ഐഡി കാർഡും ഐഡി നമ്പറും തന്റെ കൈവശമുണ്ടെന്നും ഇത് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ താൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) പരാതി നൽകാൻ തയ്യാറെടുക്കുകയാണ്. നിലവിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തിയുടെ ഭാഗമായ ചീഫ് ഇലക്ടറൽ ഓഫീസർക്ക് (CEO) പരാതി നൽകിയിട്ടുണ്ട്. ഇത്രയും വലിയ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാൾക്ക് വോട്ട് ചേർക്കാൻ കഴിയുന്നില്ലെങ്കിൽ, “പിന്നെ എങ്ങനെയാണ് ഇവിടുത്തെ നാട്ടിലെ ജനാധിപത്യ ക്രമത്തിൽ നീതിപൂർവ്വമായ ഒരു വോട്ടർ പട്ടിക പരിഷ്കരണം നടക്കുന്നു” എന്ന ന്യായമായ ചോദ്യം പൊതുസമൂഹത്തിൽ തനിക്കുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

