
പെരുന്നയിലെ മന്നം സമാധി മണ്ഡപം സന്ദർശിക്കാൻ തനിക്ക് സാഹചര്യം ഒരുക്കിയില്ലെന്ന ബംഗാൾ ഗവർണറുടെ ആരോപണത്തെ ‘വിചിത്രമായ വിവാദം’ എന്ന് വിശേഷിപ്പിച്ച് നായർ സർവീസ് സൊസൈറ്റി. ഗവർണർ പെരുന്നയിൽ എത്തിയപ്പോൾ അദ്ദേഹത്തെ യഥാവിധി സ്വാഗതം ചെയ്യുകയും, അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടക്കുകയും ചെയ്തു എന്ന് എൻ.എസ്.എസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
കൂടിക്കാഴ്ചയ്ക്കിടെ പുസ്തകങ്ങൾ പരസ്പരം കൈമാറുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. സന്ദർശനത്തിന് ശേഷം അദ്ദേഹത്തെ യാത്രയാക്കാൻ കാറിന്റെ അടുത്തെത്തി ഡോർ തുറന്നു നൽകിയാണ് മടക്കിയയച്ചത്. ഈ കാര്യങ്ങൾ അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും, പിന്നെ എന്തിനാണ് ഇപ്പോൾ ഇത്തരമൊരു പരാതി ഉന്നയിക്കുന്നതെന്നും എൻ.എസ്.എസ് ചോദിക്കുന്നു.
സമാധി സന്ദർശിക്കണമെന്ന ഒരു ആവശ്യം അദ്ദേഹം സന്ദർശന വേളയിൽ അറിയിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല എന്ന് ഉറവിടങ്ങൾ വ്യക്തമാക്കുന്നു. സന്തോഷത്തോടെ മടങ്ങിയ ഗവർണർ വർഷങ്ങൾക്കുശേഷം മറ്റൊരു വേദിയിൽ ഇത്തരമൊരു പരാതി പറയുന്നത് ‘ദുഷ്ടലാക്കും’ ‘കുബുദ്ധിയും’ മൂലമാണെന്നാണ് സമുദായ നേതൃത്വത്തിന്റെ വിലയിരുത്തൽ.
മന്നം സമാധിയിൽ സമർപ്പിക്കുന്നത് എന്താണെന്നുപോലും അറിയാത്തവർ നടത്തുന്ന ഇത്തരം നാടകങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും, സമുദായ അംഗങ്ങൾ ഇത് തിരിച്ചറിയുന്നുണ്ടെന്നും എൻ.എസ്.എസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഈ ഫോട്ടോകൾ കഥ പറയും.
വളരെ വിചിത്രമായ ഒരു വിവാദവുമായി പെരുന്നയിലെ മന്നത്താചര്യന്റെ സമാധി മണ്ഡപത്തേക്കുറിച്ച് ഇപ്പോൾ വന്നിരിക്കുന്നു. അതായത് മുൻപെങ്ങോ ബംഗാളിന്റെ ഗവർണർ പെരുന്ന സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് പെരുന്നയിലുള്ളവർ സമാധി സ്ഥലം സന്ദർശിക്കാൻ സാഹചര്യം ഒരുക്കിയില്ലെന്നാണ് വിവാദം. ഈ മാന്യദേഹം അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ യഥാവിധി സ്വാഗതം ചെയ്യുകയും, അരമണിക്കൂറോളം കൂടിക്കാഴ്ച നടക്കുകയും, ചില പുസ്തകങ്ങൾ പരസ്പരം കൈമാറുകയും, ഫോട്ടോ എടുക്കുകയും, തുടർന്ന് യാത്രയാക്കാൻ കാറിന്റെ അടുത്തെത്തി ഡോർ തുറന്നു നൽകി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തതാണ്. അദ്ദേഹം തന്നെ അതു പറയുന്നുമുണ്ട്. ആ ആൾ തന്നെ മന്നം സമാധിയിൽ കൊണ്ടുപോയി സന്ദർശനം നടത്തിയില്ല എന്ന് പരാതി പറയുന്നതിൽ എന്തർത്ഥം??
വാസ്തവത്തിൽ അത്തരം ഒരാവശ്യം അദ്ദേഹം അറിയിക്കുകയോ, അല്ലെങ്കിൽ പ്രകടിപ്പിക്കുകയോ ചെയ്തില്ല. അറിയിച്ചിട്ടും അതനുവദിച്ചില്ലെങ്കിൽ പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടെന്നു തോന്നാം. അതൊന്നുമില്ലാതെ സന്തോഷത്തോടെ കാറിൽ കയറി ടാറ്റാ പറഞ്ഞു പോയിട്ട് ഇപ്പോൾ വേറൊരു വേദിയിൽ പരാതി പറയുന്നതിൽ ദുഷ്ട്ട ലാക്കുണ്ട്. ഒരുപക്ഷെ പെരുന്നയിൽ നിന്നും പോയശേഷമായിരിക്കും അതേക്കുറിച്ച് ചിലപ്പോൾ ഓർത്തത് തന്നെ.
ഏതായാലും വർഷങ്ങൾക്കു മുൻപ് നടന്ന സംഭവം ഇപ്പോൾ വിവാദമാക്കിയതിനു പിന്നിൽ അല്പം കുബുദ്ധിയുണ്ട് എന്നത് സമുദായ നേതൃത്വവും, അംഗങ്ങളും മനസിലാക്കുണ്ട്. മന്നംസമാധിയിൽ സമർപ്പിക്കുന്നത് എന്താണെന്നുപോലും മാന്യദ്ദേഹത്തിന് അറിയില്ലെങ്കിൽ അത് ആരുടെ കുറ്റമാണ്.കഥ തുടരട്ടെ. ഇനിയും ഇത്തരം പല നാടകങ്ങളും പ്രതീക്ഷിക്കാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

