
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കത്തോലിക്കാ സഭ. പാളയത്ത് നിന്ന് ആരംഭിച്ച വായ മൂടിക്കെട്ടിയുള്ള പ്രതിഷേധമാർച്ച് രാജ്ഭവനിലേക്ക് നടത്തി. തിരുവനന്തപുരം കത്തോലിക്കാ ഫോറത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അടക്കമുള്ള സഭാ നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അരമനകളില്‍ കേക്കുമായി എത്തുന്ന ബിജെപി വാക്കുകളിലും ആത്മാര്‍ത്ഥത കാണിക്കണമെന്ന് കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസ് വിമര്‍ശിച്ചു.
സന്യാസിമാർ അപമാനിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടാണ് ക്രിസ്ത്യൻ സഭകളുടെ സംയുക്ത സമരം. വിഷയം രാജ്യം ഒന്നാകെ ഗൗരവമായി കാണണമെന്ന് സഭാ നേതാക്കൾ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകൾ നടത്തിയ മാർച്ചിലും വന്‍ പ്രതിഷേധമിരമ്പി.
നിരപരാധികളായ കന്യാസ്ത്രീകളെ ജയില്‍ മോചിതരാക്കുക, ഇവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പൊലീസ് തടഞ്ഞു. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയായിരുന്നു പ്രതിഷേധം. റാലി ഉദ്ഘാടനം ചെയ്ത മാര്‍ ക്ലിമ്മിസ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
വിവിധ സഭാധ്യക്ഷന്മാരായ ഫാ. തോമസ് ജെ നെറ്റോ, ഫാ യൂജിന്‍ പെരേര, ഫാ. ഐസക് മാര്‍ ഫീലിക്സിനോസ്, ഫാ. ജോണ്‍ തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. വൈദികരും സന്യാസ സഭാംഗങ്ങളും വിശ്വാസികളുമുള്‍പ്പെടെ നിരവധി പേരാണ് മാര്‍ച്ചിൽ പങ്കെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

