സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തിന് നാളെ തുടക്കമാകുമെന്ന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവൻകുട്ടിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓണാഘോഷം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് സെപ്റ്റംബർ ഒൻപതിന് ഗവര്‍ണര്‍ ആർ രാജേന്ദ്ര ആർലേകർ നിര്‍വഹിക്കും.
ഗവർണറെ നേരിട്ട് കണ്ട് ക്ഷണിച്ചതായും ഓണക്കോടി കൈമാറിയതായും മന്ത്രി റിയാസ് അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഗവര്‍ണറോട് അഭ്യർഥിച്ചു. തിരുവനന്തപുരത്ത് 33 വേദികളില്‍ ഓണാഘോഷം നടക്കും.
Read Also: സഹകരണ സംഘം ജീവനക്കാര്‍ക്ക് ഡി എ അനുവദിച്ചു
സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നഗരത്തില്‍ ഡ്രോണ്‍ ഷോ നടക്കും. ഓണാഘോഷത്തിന്റെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്ന് വിദേശ സഞ്ചാരികള്‍ അതിഥികളായി പങ്കെടുക്കും. ഓണാഘോഷത്തിന് സര്‍ക്കാര്‍ 11.49 കോടി രൂപയാണ് അനുവദിച്ചതെന്നും ബാക്കി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നും മന്ത്രി റിയാസ് അറിയിച്ചു.
ഓണാഘോഷ പരിപാടികളിൽ 10,000-ത്തോളം കലാകാരന്മാര്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാരമ്പര്യ കലാകാരന്മാരും പങ്കെടുക്കും. ഘോഷയാത്രയില്‍ 165 പ്ലോട്ടുകള്‍ ഉണ്ടാകും. 5000 കാണികള്‍ക്ക് സൌകര്യം ഒരുക്കിയിട്ടുണ്ട്. വി ഐ പി പവലിന്‍ ഒരുക്കും. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഒരു കുറവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിങിന് പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കുമെന്നും പാര്‍ക്കിങ് നിയന്ത്രിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.