
ഡോ അനിഷ്യ ജയദേവ്
അമ്മേ, ഒരു ദിവസം ഞാൻ പുലികളി കളിക്കും ‘ 2016ൽ എടേൽവെയ്സ് ടോക്കിയോ ലൈഫ് പുറത്തിറക്കിയ ഓണം സംബന്ധിച്ച ഹൃസ്വ പരസ്യ ചിത്രത്തിൽ കൗതുക കണ്ണുകളുള്ള പെൺകുട്ടി ടീവിയിലെ പുലികളി കാൺകെ അമ്മയോട് പറയുന്നു. “വേണ്ട മോളെ, ആണുങ്ങളാ പുലികളി കളിക്കുക …എന്ന് ‘അമ്മ അവളെ പറഞ്ഞു മനസിലാക്കുന്നു / മനസിലാക്കാൻ ശ്രമിക്കുന്നു . അവൾ പക്ഷെ തീവ്രാഭിലാഷത്തോടെ അവളുടെ പുലികളി ആഗ്രഹങ്ങളെ താലോലിച്ചു വളർത്തുകയും മുതിർന്ന വ്യക്തിയ്യായി പുലികളിക്കായി അമ്മയിൽ നിന്ന് അനുവാദം നേടിയെടുക്കുകയും ചെയ്യുന്നു. അസുരൻ എന്ന തികച്ചും പ്രതിലോമകരമായി ഒരു കാലഘട്ടം കണ്ടിരുന്ന ഒരു വിഭാഗത്തിലെ രാജാവായിരുന്നിട്ടും നീതിയും ധൈര്യവും സ്ഥൈര്യവും സാഹോദര്യവും പുലർത്താൻ മഹാബലി ചക്രവർത്തി എന്ന അസുരരാജാവിനു സാധിച്ചു എന്നതിൽ നിന്ന് സ്ത്രീയായതിനാൽ ഇഷ്ടമുള്ള ഒന്നിൽ നിന്ന് അവൾ മാറിനിൽകേണ്ടതില്ല എന്ന ബോധ്യം അമ്മയിൽ ഉണ്ടാക്കി അവൾ പുലികളിക്കു പോകുന്നു.
മഹാബലിയെന്ന ഇന്ദ്രസേനന് എല്ലാ പിന്തുണയും നൽകിക്കൊണ്ടുള്ള ഉത്തമയായ ഒരു കുടുംബിനിയായിരുന്നു വിന്ധ്യാവലിയെന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഐതീഹ്യപരമായി വളരെ കുറച്ചു മാത്രം പേരു പരാമർശിക്കപ്പെടുന്ന കഥാപാത്രമായതിനാൽ വിന്ധ്യാവലിയെക്കുറിച്ച് പലർക്കും അറിവില്ല. സുന്ദരിയും സഹജീവികളോട് കരുണയുള്ളവളുമായിരുന്നു വിന്ധ്യാവലി. അതെ മാതൃകയിലുള്ള കുടുംബിനികൾ തന്നെയാണ് കേരളീയ സങ്കല്പത്തിലെ ഓണത്തിലെ പെണ്ണുങ്ങൾ എന്നിരിക്കെ പരസ്യ ലോകത്തിൽ നിന്ന് യഥാർഥ ലോകത്തിലേക്ക് ഇറങ്ങിയാൽ അതെ വർഷം തന്നെ തൃശൂരിൽ പുലികളിയിൽ പെൺപുലികൾ ഇറങ്ങി ചരിത്രം സൃഷ്ടിച്ചു. ഇന്ന് അവർ അത് തുടരുന്നു. 2021 ൽ ട്രാൻസ്മാൻ ബോഡി ബിൽഡർ ആയിരുന്ന (അദ്ദേഹം ഇന്ന് നമ്മോടൊപ്പം ഇല്ല ) പ്രവീൺ നാഥ് പുലികളിയിൽ പങ്കെടുത്തു മാറ്റത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി.
ഓണത്തിലെ പെൺ പങ്കാളിത്തം ചരിത്രത്തിൽ അത്തപ്പൂക്കളത്തിനു പൂ ശേഖരിക്കാനോ,അത്തപ്പൂക്കളം ഒരുക്കാനോ സദ്യ തയ്യാറാക്കാനോ കുമ്മികളി / കൈകൊട്ടിക്കളി/ തിരുവാതികളി എന്നിവയിൽ മാത്രം ഭാഗധേയത്വം ലഭിച്ചിരുന്ന സ്ത്രീകൾ മാറ്റത്തിന്റെ , പങ്കാളിത്തത്തിന്റെ ഓണ വഴികളും താണ്ടി തുടങ്ങി .
പലകാല മാറ്റങ്ങൾക്കു വിധേയമായ ഒരു ഉത്സവമാണ് ഓണം. കൊയ്ത്തുത്സവത്തിൽ നിന്ന് . ഐക്യത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും , കൃതഞ്ജതയുടെയും ഉത്സവത്തിൽ നിന്ന് കുടുംബ, പൊതുജീവിത സംവിധാനത്തിന്റെ മാറ്റങ്ങൾ , കൃഷി എന്ന ജീവിതരീതിയിൽ നിന്ന് ഓഫീസ് സംബന്ധമായ സേവന മേഖല സംബന്ധമായ ജീവിത രീതിയിലേക്കു ചുവടുവച്ചപ്പോൾ ഓണം ഒരു കുടുംബ ഉത്സവത്തിലേക്കു കുടുംബ കൂടിവരവിലേക്കു ചുവടുമാറ്റി. ആഘോഷം സാമാന്യം “കളറായി’. പലപ്പോഴും ചോദ്യം ചെയ്യപ്പെട്ട ഓണത്തിന്റെ ചരിത്രത്തിന്റെയും മതേതര മാനത്തിന്റെയും പശ്ചാത്തലത്തിലും ലോകമലയാളി ഓണാഘോഷത്തിന്റെ ‘ലെഗസിയിൽ’ ഊറ്റം കൊള്ളുന്നു .
പെണ്ണും തിരുവാതിരയും
ഒരു സ്ത്രീപക്ഷ സമീപനത്തിൽ തിരുവാതിര അന്നത്തെ പുരുഷാധിപത്യ സമൂഹത്തിൽ അവളുടേതായ ഒരു ഇടം കണ്ടെത്തലായിരുന്നു . സ്ത്രീസാഹോദര്യവും കൂട്ടായ്മയും ആഘോഷിക്കാനുള്ള ഒരു അവസരമായിരുന്നു, ഒപ്പം പ്രകൃതിയുമായുള്ള ഒരു ഇണങ്ങിച്ചേരലായിരുന്നു . ആർത്തവം പോലും ഒരു സ്ത്രീയെ ഈ ആഘോഷ നൃത്തം മാറ്റി നിറുത്തിയിരുന്നില്ല .
എന്നാലും പുരുഷാധിപത്യപരമായ ധർമ്മങ്ങളുടെ ശക്തിപ്പെടുത്തൽ കൂടിയായിരുന്നു തിരുവാതിര.ഭർത്താക്കന്മാരുടെ ദീർഘായുസ്സിനു വേണ്ടിയുള്ള ഉപവാസത്തിലും പ്രാർത്ഥനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, സ്ത്രീകളുടെ ക്ഷേമം അവരുടെ ഭർത്താവുമായി ബന്ധപ്പെട്ടിരിക്കുന്ന പരമ്പരാഗത പുരുഷാധിപത്യ ഘടനകളെ ശക്തിപ്പെടുത്തുന്നതായി കണക്കാക്കുന്നത് വഴി ഒരു സ്ത്രീ – അശാക്തീകരണത്വവും തിരുവാതിര മുന്നോട്ടു വയ്ക്കുന്നത് കാണാതിരിക്കാനാവില്ല .
എന്നാൽ ഇന്ന് തിരുവാതിരയും കമ്പോള വ്യവസ്ഥയുടെ ആഘോഷം മാത്രമായി ചുരുങ്ങുന്നവഴി ഒരു സ്ത്രീവാദ വിമർശനത്തിന് വിഷയീഭവിക്കാനുള്ള സാധ്യത കുറയുന്നു. മതത്തിൽ നിന്നും പുരാണേതിഹാസങ്ങളിൽ നിന്നും വിട്ടു വെറും ഒരു ആനന്ദ മാർഗമായി തിരുന്നു .
വിട്ടാലും വിടാത്ത കമ്പിളിക്കെട്ടുപോലെ പാചകം
ഓണം എന്നാൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പാചക സപര്യയാണ് കുടംബത്തിനുള്ളിൽ പെണ്ണുങ്ങൾക്ക്. ടീനേജ് കാലത്തു , ദൂരദര്ശനും ഡി ഡി മെട്രോയും ഏഷ്യാനെറ്റും മാത്രം മലയാള ടെലിവിഷൻ അരങ്ങു വാണിരുന്ന കാലത്തെ ഓണ പരിപാടികളിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന സിനിമകൾ പ്രക്ഷേപണം ചെയ്യപ്പെട്ടിരുന്നത് സ്ത്രീകൾ പാചകത്തിന് തായ്യാറെടുക്കയും പാചകം നിർവഹിക്കയും പാത്രങ്ങൾ വൃത്തിയാക്കയും വിളമ്പുകയും കഴിക്കയും വീണ്ടും അടുക്കള വൃത്തിയാക്കുകയും ചെയ്യേണ്ട സമയ ക്രമത്തിനുള്ളിലായിരുന്നു. വീട്ടിൽ അടുക്കളയോട് അഭിമുഖമായി അവിടെ നിന്ന് പാചകം ചെയ്യുന്ന വ്യക്തികൾക്ക് കാണത്തക്കവണ്ണം തിരിച്ചുവച്ചു വര്ഷങ്ങളോളം ഓണ പാചകം നിർവഹിച്ചിരുന്നു.
ഇന്നും സദ്യക്ക് , ഒരു ഇന്റർസെക്ഷനൽ , സ്ത്രീപക്ഷ വീക്ഷണത്തിന് വിധേയമാക്കിയാൽ സ്ത്രീ പക്ഷ വിരുദ്ധ സ്വഭാവമാണ് ഉള്ളത് . സദ്യ ലിംഗപരമായ പരമ്പരാഗത റോളുകളായ ‘അമ്മ വയ്ക്കും ഉണ്ണി ഉണ്ണും’ ഉണ്ണിയോടൊപ്പം മറ്റുള്ളവരും ഉണ്ണും എന്ന പുരുഷാധിപത്യ പ്രവണതയെ ശക്തിപ്പെടുത്തുകയും ഊട്ടി ഉറപ്പിക്കയും ചെയ്യുന്നു. സ്ത്രീയെ , അവളുടെ പ്രവർത്തനക്ഷമതയെ സ്നേഹ ബന്ധങ്ങളുടെ ഊഷമളത നിലനിർത്താൻ ഉപയോഗിക്കാൻ നിർബന്ധിക്കുന്നു .
എന്നാൽ പോസ്റ്റ് കോവിഡ് കാല ഓണാഘോഷങ്ങൾ ഭക്ഷണത്തെ അടുക്കളയിൽ നിന്ന് കച്ചവട ഇടങ്ങളിലേക്കോ വീട്ടിനു പുറത്തെ അടുക്കള ഇടങ്ങളിലെ ഭക്ഷണത്തെ ഊണുമുറിയിലേക്കോ എത്തിക്കുന്നത് വഴി പാചകത്തിലെയോ അടുക്കളയിലെയോ പൂർണമായ സ്ത്രീ ഇടപെടലിനെ കുറച്ചുകൊണ്ടുവരുന്നുണ്ട് എന്നത് കാണാതെ പറ്റില്ല . എന്നാൽ ഇത് സാധ്യമാവുക കേരളീയരിൽ ഉപരി, മധ്യ വർഗ്ഗത്തിൽ പെടുന്നവർക്ക് മാത്രമാണ് സാധാരണക്കാരിൽ സാധാരണക്കാർക്ക് അത്തരം സാമ്പത്തിക സൗകര്യങ്ങൾ ഒരുക്കുക ക്ഷിപ്രസാധ്യമല്ല .
കൂടുതൽ ലിംഗസമത്വത്തിൽ അധിഷ്ഠിതമായ ഓണം അകലെയല്ല എന്ന് ഓർമപ്പെടുത്തുന്നു ഈ കാലയളവിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ. ഓണത്തിലെ പെണ്ണിടങ്ങൾ കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

