കേരളം ഇന്ന് പുതുചരിത്രം എഴുതി; കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിൽ പ്രതിപക്ഷത്തിന് മൗനം: മന്ത്രി കെ എൻ ബാലഗോപാൽ

kn balagopal-protest

കേരളം ഇന്ന് പുതുചരിത്രം എഴുതിയതായി കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരത്ത് നടക്കുന്ന സത്യാ​ഗ്രഹ സമരത്തിന്റെ സമാപന പ്രസംഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ. ഈ ഗവൺമെന്റ് വന്നതിനുശേഷം, കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തോട് സ്വീകരിക്കുന്ന സമീപനത്തിനെതിരെ നടക്കുന്ന രണ്ടാമത്തെ വിപുലമായ പ്രക്ഷോഭമാണിതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

മുൻപ് ദില്ലിയിൽ നടന്ന സമരത്തിൽ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ഒഴികെ, കശ്മീർ മുതൽ കന്യാകുമാരി വരെയുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു. കർണാടകയിലെ കോൺഗ്രസ് ഗവൺമെന്റും സമാനമായ രീതിയിൽ സമരം ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ പ്രതിപക്ഷം ഈ സമരത്തിൽ പങ്കെടുക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല, അവർ കേന്ദ്രത്തിന്റെ നിലപാടുകളെ തുറന്നുപറയാനും തയ്യാറായില്ല.

കേന്ദ്ര ഗവൺമെന്റിന്റെ നിലപാടുകൾക്കെതിരെ തെരുവിലും നിയമസഭയിലും പാർലമെന്റിലും സുപ്രീം കോടതിയിലും നിരന്തരമായി പോരാടുന്നത് കേരളം മാത്രമാണ്. സാമ്പത്തിക വെട്ടിക്കുറയ്ക്കലുകൾ (17,000 കോടി രൂപയുടെ കുറവ്) ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നീങ്ങുന്നത്. ഡിസംബർ മാസത്തിൽ 12,000 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 6,000 കോടി രൂപ മാത്രമാണ്. ഈ വർഷം മാത്രം ആകെ 17,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്.ർ

ഏകദേശം 35,000 – 40,000 കോടി രൂപ ലഭിക്കേണ്ടിടത്ത് നിന്ന് ഇത്രയും വലിയ തുക വെട്ടിക്കുറച്ചാൽ ഒരു സംസ്ഥാനത്തിന് എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നത് വലിയ ചോദ്യമാണ്. കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും പേരിൽ 4,730 കോടി രൂപ കടമെടുപ്പ് പരിധിയിൽ നിന്ന് കുറച്ചു. റിസർവ് ബാങ്ക് അഞ്ച് വർഷം കൊണ്ട് നിർമ്മിക്കാൻ പറഞ്ഞ ഗ്യാരന്റി റിഡംഷൻ ഫണ്ട് ഒറ്റവർഷം കൊണ്ട് 3,300 കോടി രൂപ പിടിച്ചെടുത്തു. ഐജിഎസ്ടി (IGST) പൂളിലെ കേന്ദ്രത്തിന്റെ കണക്കുപിഴവ് കാരണം 965 കോടി രൂപ വീണ്ടും കുറച്ചു.

ALSO READ: ‘ഈ സത്യഗ്രഹം കേന്ദ്രത്തിനെതിരായ പ്രധാന സമരമായി മാറും, കേരളത്തെ ഇല്ലാതാക്കാൻ കോൺഗ്രസും കൂട്ടുനിൽക്കുന്നു’: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ചെയ്യാത്ത രീതിയിൽ ദേശീയപാത നിർമ്മാണത്തിനായി 6,000 കോടി രൂപ കേരളം നൽകിയിട്ടുണ്ട്. തമിഴ്നാട് ഒരു റോഡിനായി 200 കോടി നൽകിയതൊഴിച്ചാൽ മറ്റു സംസ്ഥാനങ്ങളൊന്നും ഇത്ര വലിയ തുക നൽകിയിട്ടില്ല. ഈ പണം തിരിച്ചു ചോദിക്കുന്നില്ലെങ്കിലും, അത്രയും തുക കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നിരസിച്ചു. ദേശീയപാതയിൽ നിന്ന് ടോൾ പിരിക്കുന്നത് കേന്ദ്ര അതോറിറ്റിയാണ്, സംസ്ഥാനത്തിന് അതിൽ വിഹിതമില്ല.

ക്ഷേമപദ്ധതികളും പ്രതിസന്ധിയും ക്ഷേമ പെൻഷനുകൾ 2,000 രൂപയാക്കിയതും സ്ത്രീ സുരക്ഷാ പദ്ധതികൾ, ആശാ-അങ്കണവാടി പ്രവർത്തകരുടെ ആനുകൂല്യങ്ങൾ എന്നിവ നടപ്പിലാക്കുന്നതും വലിയ ബാധ്യതയുണ്ടാക്കുന്നു. നിയമവിരുദ്ധമായ കളിയാണ് കേന്ദ്ര ഗവൺമെന്റ് കേരളത്തോട് ചെയ്യുന്നത്. ഇത് കേരളത്തിന്റെ ജീവിതത്തിന്റെയും ഭാവിയുടെയും പ്രശ്നമാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News