
കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം തുറക്കുന്ന ദിവസം ആണ് ഇന്നെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തിക്ക് ഇന്ന് തുടക്കമാവുകയാണ്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്റ് പങ്കുവച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഇന്ന്
കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം തുറക്കുന്ന ദിവസം.. ❤️
വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തിക്ക് ഇന്ന് തുടക്കമാവുകയാണ്..
വൈകിട്ട് 4 മണിക്ക് ആനക്കാം പൊയിലിൽ വെച്ച് ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നമ്മുടെ അഭിമാന പദ്ധതിയായ തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിക്കും.
എല്ലാവർക്കും സ്വാഗതം..
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കുമ്പോൾ കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതി കൂടിയാണ് യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റര്‍) കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്.
കിഫ്‌ബി, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ കോർപറേഷൻ എന്നിവ ത്രികക്ഷി കരാറിലൂടെയാണ് തുരങ്കപാത നിർമിക്കുക. 2134.5 കോടി രൂപ ചെലവിലാണ് സംസ്ഥാന സർക്കാർ പാത യാഥാർഥ്യമാക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്ക പാതയായി ഇത് മാറും.
കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമാണ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.735 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

