
സ്വകാര്യ ആശുപത്രികളുടെ പ്രചാരകരായി യുഡിഎഫ് മാറുന്നുവെന്നും കോർപ്പറേറ്റുകളെ സഹായിക്കാൻ അവരുടെ പ്രചാരകരായി മാറുന്ന തരത്തിൽ യുഡിഎഫ് തരംതാഴരുത് എന്നും പി ബാലചന്ദ്രൻ എംഎൽഎ പറഞ്ഞു. അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ന് ലോകം അംഗീകരിക്കുന്ന നിലയിൽ കേരളത്തിലെ ആരോഗ്യരംഗം എത്തിയിരിക്കുകയാണ്. എന്നാൽ പൊതു ആരോഗ്യ മേഖല തകരുകയാണ് എന്ന് വരുത്തിത്തീർക്കുകയാണ് പ്രതിപക്ഷമെന്നും അതിന് വേണ്ടി സ്വകാര്യ ആശുപത്രികളുടെ പ്രചാരകരായി മാറുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ജനകീയ ആരോഗ്യ ബദൽ നടപ്പാക്കാൻ ശ്രമിച്ച സർക്കാരുകൾ ആണ് ഇടതുപക്ഷത്തിനുണ്ടായിട്ടുള്ളത്. കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവർത്തനങ്ങൾ ലോകം അംഗീകരിച്ചതാണ്. എന്നാൽ ഈ പ്രവർത്തനങ്ങളെ താഴ്ത്തിക്കെട്ടാൻ അന്ന് പ്രതിപക്ഷത്തിരുന്നവർ എന്തൊക്കെയാണ് പറഞ്ഞത് എന്നൊക്കെ നാം കണ്ടിട്ടുള്ളതാണ്. കോവിഡ് വന്നപ്പോൾ അമേരിക്കൻ മോഡൽ കൊണ്ടുവരണമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ അമേരിക്കയുടെ അവസ്ഥ എന്തായിരുന്നു. ഇവിടെ ചൂട് കൂടുതലായതുകൊണ്ട് കോവിഡ് പടരില്ല എന്നായിരുന്നു കെ പി സി സിയിലെ ശാസ്ത്രജ്ഞൻ മുരളീധരൻ പറഞ്ഞത്. പി ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി.
99 ശതമാനമാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരണനിരക്ക് എന്നും കേരളത്തിൽ അത് 24% ആയി പിടിച്ചു നിർത്താൻ കഴിഞ്ഞു വെന്നും മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ഈ രംഗത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

