
യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഗൾഫിൽ ഇല്ലാത്ത ഒരു കമ്പനിയുടെ പേരിൽ സെയിൽസ് മാനേജർ എന്ന തസ്തികയിലിരുന്ന് അഞ്ചേകാൽ ലക്ഷം രൂപയാണ് ശമ്പളം വാങ്ങുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിടുകയും അത് സാധൂകരിക്കുന്ന തെളിവുകൾ അണിനിരത്തുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഇതിന് യാതൊരു മറുപടിയും പറഞ്ഞില്ല. ഇതിന്റെ നിയമസാധുത പരിശോധിക്കേണ്ടവർ പരിശോധിക്കട്ടെ എന്ന് മാത്രമാണ് പറഞ്ഞത്. ഒരു യുവജന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ ഇവിടെ മുഴുവൻ സമയം പ്രവർത്തിക്കുകയും ഇല്ലാത്ത ഒരു കമ്പനിയുടെ ലേബലിൽ അഞ്ചേകാൽ ലക്ഷം രൂപ മാസം കേരളത്തിൽ ഇരുന്നുകൊണ്ട് ശമ്പളം വാങ്ങുകയും ചെയ്യുന്ന പ്രവർത്തി ശരിയാണോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് ചില ചോദ്യങ്ങൾ ഉയർന്നുവരുന്നത്. അതായത് ദുബായിൽ രജിസ്റ്റർ ചെയ്ത ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എൽഎൽസി എന്ന കമ്പനിയുടെ രേഖകൾ പുറത്തുവന്നപ്പോൾ വെളിവായത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. അതിലെ ജീവനക്കാരുടെ ലിസ്റ്റ് നമുക്കൊന്ന് നോക്കാം.
ALSO READ: ‘പി കെ ഫിറോസ് പണമുണ്ടാക്കിയത് കത്വ , ഉന്നാവോ ഫണ്ട് സമാഹരണം വഴി’: കെ ടി ജലീൽ
- ഫിറോസ് പാലുള്ളക്കണ്ടിയിൽ മാമു – Sales Manager
- റയീസ് മുന്തോട്ടുതറമ്മൽ അബ്ദുറഹിമാൻ – Office Manager
- അരട്ടൻകണ്ടി മുഹമ്മദ് അസ്ലം പുതുക്കുടി – Purchasing Manager
ഇവരെല്ലാം മാനേജർമാർ മാത്രം.. അതായത് ഈ പറയുന്ന കമ്പനിയ്ക്ക് ഒരു എംഡി ഇല്ല, ക്ലാർക്ക് ഇല്ല, ഓപ്പറേറ്റർ ഇല്ല, അറ്റൻഡർ ഇല്ല. ജീവനക്കാരൊന്നുമില്ലാതെ, മൂന്ന് മാനേജർമാർ മാത്രം ഉള്ള ലോകത്തിലെ “ഒരേയൊരു കമ്പനി” എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.
‘ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എൽഎൽസി’ എന്ന് പറയുന്ന കമ്പനി ദുബായിൽ എവിടെയാണ് പ്രവർത്തിക്കുന്നത്, അതിന്റെ ലൊക്കേഷൻ എവിടെയാണ്, അതിന് ഗോഡൗൺ ഉണ്ടോ എന്നീ ചോദ്യങ്ങൾക്കൊന്നും ഫിറോസ് മറുപടി നൽകിയിട്ടില്ല. തനിക്ക് ഒരുപാട് ബിസിനസ് സംരംഭങ്ങൾ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു വെക്കുക മാത്രമാണ് ചെയ്തത്. കൊപ്പത്തും കോഴിക്കോട് ഹൈലൈറ്റ് മോളിലും ‘യമ്മി ഫ്രൈഡ് ചിക്കൻ’ എന്നുപറയുന്ന രണ്ട് സ്ഥാപനങ്ങൾക്ക് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടിലും ലൈസൻസി പി കെ ഫിറോസ് അല്ല, എന്നാൽ അദ്ദേഹത്തിന്റെ ബിനാമികളാണ് അവ നടത്തുന്നത് എന്ന് അദ്ദേഹം തന്നെ സമ്മതിച്ചു. അദ്ദേഹം പാർട്ണറാണ് എന്നാണ് പറഞ്ഞത്. ദുബായിൽ തന്നെ മറ്റു പല സ്ഥാപനങ്ങളും ‘യമ്മി’ എന്ന സ്ഥാപനത്തിന്റെ അതേ ലൈസൻസി പ്രധാനിയായികൊണ്ട് നടത്തപ്പെടുന്നതായും പിന്നീട് അന്വേഷിച്ചപ്പോൾ വിവരം ലഭിച്ചു എന്നാണ് ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ കെ ടി ജലീൽ പറഞ്ഞത്.
ദുബായിൽ പ്രവർത്തിക്കുന്ന ‘ബ്ലൂഫിൻ ടൂറിസം എൽഎൽസി’ എന്ന സ്ഥാപനം, അതുപോലെതന്നെ അതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ‘ബ്ലൂഫിൻ പ്രോപ്പർട്ടി കെയർ’ (ക്ലീനിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്ന വലിയ സ്ഥാപനങ്ങൾ) എന്നിവയ്ക്ക് ഭീമമായ സാമ്പത്തിക മുടക്ക് ആവശ്യമാണ്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന ഫിറോസിനെപ്പോലെ ഒരാൾക്ക് ഈ സാമ്പത്തിക സ്രോതസ് എങ്ങനെ ഉണ്ടായി എന്ന പ്രധാനപ്പെട്ട ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്, ഇതിന് അദ്ദേഹം ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല.
ഇനി അദ്ദേഹത്തിന്റെ വിസയുടെ വിവരങ്ങൾ ഒന്ന് നോക്കാം.. പി.കെ. ഫിറോസ് 2024 മാർച്ച് 21-ന് പുതിയ ജോബ് വിസ എടുത്തു. എന്നാൽ, അദ്ദേഹത്തിന്റെ മുൻ വിസ 2024 മെയ് 19-ന് മാത്രമാണ് കാലാവധി തീരുന്നത്. അതായത്, രണ്ടുവർഷങ്ങൾക്ക് മുൻപ് തന്നെ ഫിറോസ് Sales Manager വിസയിൽ ജോലി ചെയ്തിരുന്നു. 2021-ൽ നോമിനേഷൻ കൊടുത്തപ്പോൾ തന്നെ ഫിറോസ് ജോബ് വിസയിലായിരുന്നോ എന്നാണ് ഇനിയുള്ള ചോദ്യം.
ചോദ്യങ്ങൾ നിരത്തി ജലീൽ എത്തിയപ്പോൾ ഫിറോസ് പറഞ്ഞ കഥയാണ് ഇനി കേൾക്കേണ്ടത്.. ‘താനൊരു ഫുഡ് പ്രോഡക്റ്റ് കമ്പനിയുടെ പാർട്ട് ടൈം സെയിൽസ് മാനേജറാണ്’. 2021 തെരഞ്ഞെടുപ്പിന് കൃത്യം 3 മാസം മുൻപ് ഫിറോസിന്റെ വിസ ക്യാൻസൽ ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷം, അതെ കമ്പനിയിൽ വീണ്ടും അതേ ആളെ തന്നെ സെയിൽസ് മാനേജറായി ഹയർ ചെയ്യുന്നു. ഇത്രയും അർപ്പണബോധമുള്ള ഒരു കമ്പനി.. അതായത് തെരഞ്ഞെടുപ്പ് കഴിയുവോളം കാത്തിരുന്ന്, ഫിറോസിന്റെ തിരിച്ചു വരവിനായി മാസങ്ങളോളം ആ വേക്കൻസി കാത്തുസൂക്ഷിച്ച് ഒടുവിൽ അവർക്ക് തന്നെ ജോലി നൽകുന്നു.
മൂന്ന് മാനേജർമാർ മാത്രം ഉള്ള കമ്പനിയിൽ സെയിൽസ് ഇല്ലെങ്കിൽ പർച്ചേഴ്‌സ് മാനേജർ വാങ്ങുന്നത് എന്ത്? വാങ്ങുന്നവർ ഇല്ലെങ്കിൽ സെയിൽസ് മാനേജർ വിറ്റഴിക്കുന്നത് എവിടെ? ഇതൊക്കെ നടക്കുമ്പോൾ ഫിറോസിന് മാസം അഞ്ചേകാൽ ലക്ഷം ശമ്പളം! അതാണ് പ്രധാന സംഭവം. അഞ്ചേകാൽ ലക്ഷം ശമ്പളം കൊടുക്കണമെങ്കിൽ ആ കമ്പനിയ്ക്ക് എത്ര ടേൺ ഓവർ വേണം? ജീവനക്കാരില്ലാത്ത, സെയിൽസ് ഇല്ലാത്ത, ബിസിനസ് ആക്ടിവിറ്റീസ് ഇല്ലാത്ത കമ്പനി എങ്ങനെ ഈ ശമ്പള ഘടന മൈന്റൈൻ ചെയ്യുന്നു?
ഈ ചോദ്യങ്ങളെല്ലാം നിലനിൽക്കെ ഫിറോസിന്റെ ക്ലൈമാക്സ് വെളിപ്പെടുത്തൽ ആണ് അടുത്തത്. എനിക്ക് American Visa ഉണ്ട്, UK Visa ഉണ്ട്, Canada Visa ഉണ്ട്… എല്ലായിടത്തും ഞാൻ ബിസിനസ് ആവശ്യങ്ങൾക്ക് പോകാറുണ്ട്… എനിക്ക് വേറെയും ബിസിനസുകൾ ഉണ്ട്… ജലീൽ തെളിവുകൾ നിരത്തിയപ്പോൾ തന്റെ ഭാഗം ശരിയെന്ന് വരുത്തി തീർക്കാനുള്ള തന്ത്രപ്പാടിലാണ് ഫിറോസ് ഇപ്പോൾ. “ഞാനൊന്നും ഒളിച്ചില്ല” എന്ന് അഭിനയിക്കാൻ വേണ്ടി മാത്രം പുറത്തിറക്കിയ ഡ്രാമ. സത്യം പറഞ്ഞാൽ Fortune House യഥാർത്ഥത്തിൽ കമ്പനിയാണോ, ഹവാല ഡീൽ ചെയ്യാൻ വേണ്ടി ഉള്ള ഒരു മാർഗ്ഗം മാത്രമാണോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. തെളിവുകൾ നിരത്തുമ്പോൾ അതിനുള്ള മറുപടിയും പി കെ ഫിറോസ് കരുതിയിരിക്കുന്നതാണ് നല്ലത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

