
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐഎൻസി) ബിജെപിയോടും സംഘപരിവാർ ആശയങ്ങളോടും വിധേയത്വം പുലർത്തുന്ന, രാഷ്ട്രീയമില്ലാത്ത ഒരാൾക്കൂട്ടമായി അധഃപതിച്ചുവെന്ന് എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പുകഴ്ത്താനും, നരേന്ദ്രമോദിയെ പുകഴ്ത്താനും, സംഘപരിവാർ ആശയങ്ങൾ തലച്ചോറിനകത്ത് പേറാനും സാധ്യമായ ഒരു രാഷ്ട്രീയ പാർട്ടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് സവർക്കറുടെയും ഗോൾവാൾക്കറുടെയുമൊക്കെ ചിത്രം കാണുമ്പോൾ കുനിഞ്ഞു കുമ്പിട്ടു നിൽക്കാൻ തോന്നുന്നത് കോൺഗ്രസിന് ഒരു വിഷയമേയല്ല. കാരണം, കോൺഗ്രസിന് രാഷ്ട്രീയമില്ല. ഈയൊരു നിലപാട് അവർക്ക് കുഴപ്പമില്ലാത്തതാണ്. മുൻ കെപിസിസി പ്രസിഡന്റിന് ആർഎസ്എസിന്റെ ശാഖയ്ക്ക് കാവൽ നിൽക്കാൻ വേണ്ടി ഇങ്ങനെ തുര ഉണ്ടായിക്കൊണ്ടിരിക്കുന്നതും കോൺഗ്രസിന് പ്രശ്‌നമുള്ള കാര്യമല്ല. ഇത്തരത്തിൽ സംഘപരിവാറിനെ പുകഴ്ത്തിയും, ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നും, സവർക്കറുടെയും ഗോൾവാൾക്കറുടെയും മുൻപിൽ കുമ്പിട്ടിട്ടും അവർ പറയുന്നത് “ചേട്ടൻബാവ അനിയൻബാവ” എന്നാണ്.
ഈ സംഘപരിവാർ വിധേയത്വത്തിന്റെ മൃദുഹിന്ദുത്വ സ്വഭാവത്തെ അവർ മഹത്തായ ജനാധിപത്യ സംവിധാനം എന്ന് വിശേഷിപ്പിക്കുന്നതും ഈ നാട് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയമില്ലാത്ത, സംഘപരിവാർ വിധേയരായ ഒരാൾക്കൂട്ടമായി ഇന്ത്യയിലെയും കേരളത്തിലെയും കോൺഗ്രസ് അധഃപതിച്ചു. ഇതിനു മുൻപ് കേരളത്തിനകത്ത് ഉണ്ടായിരുന്ന ഉമ്മൻചാണ്ടി ഗവൺമെന്റ് ഉൾപ്പെടെയുള്ള ഘട്ടത്തിൽ സംഘപരിവാറിനോട് ചേർന്നു നിന്ന് അവർ സ്വീകരിച്ച നിലപാടുകളുടെ അനുഭവങ്ങളും ചരിത്രവും നമ്മുടെ മുൻപിലുണ്ടെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ കോൺഗ്രസിന് നാല് മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. ഈ നാല് മുഖ്യമന്ത്രിമാരിൽ മൂന്ന് മുഖ്യമന്ത്രിമാരുടെ മക്കളെയും ബിജെപിക്ക് സംഭാവന ചെയ്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരാണ് കോൺഗ്രസ്. ആർ ശങ്കരന്റെ മകൻ, കെ കരുണാകരന്റെ മകൾ, എകെ ആന്റണിയുടെ മകൻ ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ മക്കളെ ബിജെപിക്ക് സംഭാവന ചെയ്യുന്ന ഒരു ഫാക്ടറിയായിട്ടാണ് കോൺഗ്രസ് മാറിയതെന്നും ആർഷോ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

