
നൂറു സീറ്റെന്ന് അവകാശപ്പെടുന്ന യു ഡി എഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് ഇടത് ഘടക കക്ഷിയെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നതെന്നും മന്ത്രി പി രാജീവ്. അതേസമയം, ഇടതുമുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും 110 സീറ്റുകൾ ലക്ഷ്യമിട്ട് മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലുണ്ടായ മാറ്റങ്ങളും വികസന പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങളും ഗതികേടും കാരണമാണ് അവർ വ്യാജ പ്രചാരവേലകൾ നടത്തുന്നതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിർദ്ദേശങ്ങൾ സർക്കാർ പാലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യത്തിലും വിഷയത്തിലെ ഗവർണറുടെ നിലപാടിലും പി രാജീവ് പ്രതികരിച്ചു. വന്യമൃഗ ശല്യം എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണെന്നും ഇതിനായി സർക്കാർ നിയമനിർമ്മാണം നടത്തി ബില്ല് പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗവർണർ ഈ ബില്ല് രാഷ്ട്രപതിക്ക് അയക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് തെറ്റായ നടപടിയാണെന്നെന്നും മന്ത്രി വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

