
പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് പാലക്കാട് ജില്ലയിൽ നടന്ന കൊട്ടിക്കലാശം ആവേശമായി. ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചാണ് മൂന്ന് മുന്നണികളും കൊട്ടിക്കലാശം നടത്തിയത്. നാളെ നിശബ്ദ പ്രചരണത്തിൻ്റെ തിരക്കിലാകും സ്ഥാനാർഥികൾ.
ചെങ്കൊടിയും ചുവന്ന ബലൂണും പ്ലക്കാർഡുമേന്തി ചെങ്കോട്ട തീർത്തായിരുന്നു എൽഡിഎഫിൻ്റെ കൊട്ടികലാശം. സ്ഥാനാർഥികളെല്ലാം റാലിയിൽ അണിനിരന്നു. പാലക്കാട് നഗരസഭ ഇത്തവണ ഇടതുപക്ഷത്തിന് തന്നെയാണെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥികൾ.
സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് കൊട്ടിക്കലാശത്തിൽ അണിനിരന്നത്. അതേസമയം സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനേട്ടങ്ങൾക്കും മുൻതൂക്കം നൽകിയായിരുന്നു ഇടതുപക്ഷത്തിൻ്റെ പ്രചാരണം. പാലക്കാട് ജില്ലയിലെ ഇടത് ആധിപത്യം ഇത്തവണയും ആവർത്തിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥികളുടെ വിശ്വാസം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 74.59 % ശതമാനമാണ് ജില്ലയിലെ പോളിംഗ്. രാഷ്ട്രീയ, സിനിമാരംഗത്തെ പ്രമുഖരടക്കം സമ്മതിദാന അവകാശം വിനിയോഗിച്ചു. കൊച്ചി കോർപ്പറേഷനിൽ 61. 17% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ നഗരസഭകളിൽ ഉയർന്ന പോളിംഗ് മൂവാറ്റുപുഴയിലും കുറവ് തൃക്കാക്കരയിലുമാണ് രേഖപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളാണ് വിധിയെഴുതിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വോട്ടർമാർ ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

