
പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ അഭിപ്രായം പറയാതിരുന്നത് ഛിദ്രശക്തികൾ ഇടപെടുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണെന്ന മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന തനി രാഷ്ട്രീയ കാപട്യമാണെന്നും കോൺഗ്രസ് ഈ വിഷയത്തിൽ സ്വീകരിച്ച പക്ഷപാതപരവും വർഗീയപരവുമായ സമീപനത്തെ തള്ളിപ്പറയാൻ ലീഗിന് ബാധ്യതയുണ്ടെന്നും ഐ. എൻ. എൽ.
വിവാദം ഉയർന്ന ഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തിന് ഉത്തരവിടുകയും തട്ടമിട്ട് തന്നെ പഠനം തുടരാൻ വിദ്യാർത്ഥിനിയെ അനുവദിക്കണമെന്നും ഭരണഘടനയും ചട്ടങ്ങളും അനുസരിച്ച് സ്കൂൾ അധികൃതരോട് ആജ്ഞാപിച്ച വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ആർജ്ജവം നിറഞ്ഞ നിലപാട് കണ്ടില്ലെന്നു നടിക്കുകയും ചെയ്ത ലീഗ് നേതാവ് വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയ പ്പെട്ടുവെന്ന് ഇപ്പോൾ മുതലക്കണ്ണീർ വാർക്കുന്നത് വിഷയം ഇത്രയും രൂക്ഷതരമാക്കിയ വർഗീയ ശക്തികളുമായി കൈകോർത്തതുകൊണ്ടാണ്. പ്രതികരിക്കേണ്ട സമയത്ത് കാപട്യത്തിന്റെ മൗനത്തിൽ ഓടിയൊളിച്ച് എല്ലാം കഴിഞ്ഞതിനു ശേഷം തങ്ങൾ സംയമനത്തിലാണെന്ന് വിളിച്ചു കൂവുന്നത് കാപട്യം അല്ലാതെ മറ്റെന്താണ്.
പ്രബുദ്ധ കേരളത്തിൽ പകൽ വെളിച്ചത്തിൽ ഒരു വിദ്യാർത്ഥിനിയുടെ വിദ്യാഭ്യാസ മൗലികാവകാശം പരസ്യമായി പിച്ചിച്ചീന്തുക മാത്രമല്ല നിയമത്തെയും സർക്കാരിനെയും വെല്ലുവിളിക്കുകയും ചെയ്ത സ്കൂൾ അധികൃതരുടെ മുന്നിൽ മൗനം ദീക്ഷിച്ച ന്യൂനക്ഷാവകാശത്തിന്റെ കാവലാളാണെന്ന് വീരസ്യം പറയുന്ന ലീഗ് നേതാവിന് നല്ലത് ആ പാർട്ടി പിരിച്ചുവിടുകയാണ്. ഇത്തരം ഒരു ഘടത്തിൽ മതേതര മൂല്യങ്ങൾ മുറുകെ പിടിച്ച് പോരാടുന്നതിന് പകരം ഒളിച്ചുകളി നടത്തുന്നത് മുസ്‌ലിം ലീഗിനെ പോലുള്ള പാർട്ടിയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയിരുക്കുകയാണ്.
ബാബരി മസ്ജിദ് വിഷയത്തിൽ അടക്കം വർഗീയശക്തികളുമായി കൈകോർത്ത് സ്വന്തം അനുയായികളെ വഞ്ചിച്ച ലീഗിന് ഇനി ഒരിക്കലും തന്നെ മതേതര പക്ഷത്തു നിന്നുകൊണ്ട് സംസാരിക്കാനോ വാദിക്കാനോ സാധിക്കില്ലെന്നാണ് ഹിജാബ് വിവാദവും മുനമ്പം വഖഫ് വിധിയുമെല്ലാം തെളിയിക്കുന്നത്.
ഹിജാബ് വിവാദം മതേതര കേരളം എവിടെ എത്തി നിൽക്കുന്നു എന്നും കാസ പോലുള്ള തീവ്ര വർഗീയ ശക്തികൾ കേരളത്തിന്റെ പൊതുമണ്ഡലം എത്രകണ്ട് കീഴടക്കി കഴിഞ്ഞുവെന്നും തെളിയിക്കുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ ആത്യന്തിക ശക്തികളെ വരുതിയിൽ നിർത്താൻ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും ഇവരോട് കാണിക്കരുതെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

