
പൊതുമരാമത്ത് വകുപ്പിൻ്റെ കീഴില്‍ പാലക്കാട് മലമ്പുഴ നിയോജക മണ്ഡലത്തിൽ നിര്‍മ്മിച്ച 149 -ാമത് പാറ – മണ്ണുക്കാട് പാലം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ യാഥാർഥ്യമാക്കിയ തരൂർ മണ്ഡലത്തിലെ കാരമല ടൂറിസം പദ്ധതിയും ഇന്ന് നാടിന് സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, നെന്മാറ നിയോജക മണ്ഡലത്തിലെ കൊല്ലങ്കോട് പ്രദേശത്തെയും പുതുനഗരം പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ട് ഗായത്രിപുഴക്ക് കുറുകെ നിർമ്മിക്കുന്ന ഊട്ടറ പുഴപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തിക്കും ഇന്ന് തുടക്കം കുറിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേൽക്കുമ്പോൾ അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ പൂർത്തീകരിക്കാനാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ മൂന്ന് വർഷം കഴിഞ്ഞപ്പോൾ തന്നെ 100 പാലങ്ങൾ യാഥാർഥ്യമാക്കാൻ സാധിച്ചുവെന്നും ഇപ്പോൾ നാലര വർഷം പൂർത്തിയാക്കുമ്പോഴേക്കും 150ൽ അധികം പാലങ്ങൾ പൂർത്തീകരിക്കാനാകുമെന്ന സന്തോഷ വിവരം അറിയിക്കുകയാണെന്ന് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ പരിപാടികളില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം
പാലം നമ്പർ 149
ഇന്ന് നാടിന് സമർപ്പിക്കും..
ഇന്ന് പാലക്കാട് ജില്ലയിലാണ്. പൊതുമരാമത്ത് വകുപ്പിൻ്റെയും ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതിയും പാലക്കാട് ജില്ലയിൽ ഇന്ന് നാടിന് സമർപ്പിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേൽക്കുമ്പോൾ അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ പൂർത്തീകരിക്കാനാണ് ഞങ്ങൾ ലക്ഷ്യം വെച്ചത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ തന്നെ 100 പാലങ്ങൾ യാഥാർഥ്യമാക്കാൻ സാധിച്ചു. ഇപ്പോൾ നാലര വർഷം പൂർത്തിയാക്കുമ്പോഴേക്കും 150 ൽ അധികം പാലങ്ങൾ പൂർത്തീകരിക്കാനാകും എന്ന സന്തോഷ വിവരം അറിയിക്കുകയാണ്. ഇന്ന് പാലക്കാട് ജില്ലയിലെ മലമ്പുഴ നിയോജക മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുന്ന പാറ മണ്ണുക്കാട് പാലം ഈ സർക്കാർ നാടിന് സമർപ്പിക്കുന്ന 149 -ാമത്തെ പാലമാണ്.
ടൂറിസം വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ യാഥാർഥ്യമാക്കിയ തരൂർ മണ്ഡലത്തിലെ കാരമല ടൂറിസം പദ്ധതിയും ഇന്ന് നാടിന് സമർപ്പിക്കുകയാണ്.
കൂടാതെ, നെന്മാറ നിയോജക മണ്ഡലത്തിലെ കൊല്ലങ്കോട് പ്രദേശത്തെയും പുതുനഗരം പ്രദേശത്തെയും ബന്ധിപ്പിച്ചുകൊണ്ട് ഗായത്രിപുഴക്ക് കുറുകെ നിർമ്മിക്കുന്ന ഊട്ടറ പുഴപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തിയും ഇന്ന് ആരംഭിക്കും. ലോക പ്രകൃതി രമണീയ ഭൂപടത്തിൽ ഇടം നേടിയ കൊല്ലങ്കോട് ഗ്രാമത്തിലാണ് ഈ പാലം വരുന്നത്. നെല്ലിയാമ്പതി മലകളുടെ താഴ് വാരത്ത് സ്ഥിതി ചെയ്യുന്ന നയനമനോഹരമായ പ്രദേശമാണ് കൊല്ലങ്കോട്. ഈ നാടിൻ്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ, കോയമ്പത്തൂരുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പ്രദേശമാണ്. യുദ്ധസ്മരണകളെ ഓർമ്മപ്പെടുത്തി കൊണ്ട് ‘കൊങ്ങൻ പട’യെന്ന പേരിൽ രണോത്സവം നടക്കുന്നിടമാണ്. പ്രശസ്തമായ തുഞ്ചൻ മഠം സ്ഥിതി ചെയ്യുന്ന ചിറ്റൂരിലെ താലൂക്ക് ടൂറിസം സൊസൈറ്റിയുടെ വെബ്സൈറ്റ് ലോഞ്ചിംഗ് പരിപാടിയിലും ഇന്ന് പങ്കുകൊള്ളുന്നുണ്ട്. മഞ്ഞള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ഉദ്ഘാടനം, തൃശൂർ ജില്ലയിലെ ഒല്ലൂർ മണ്ഡലത്തിലെ നെടുപുഴ റെയിൽവേ മേൽപാലം നിർമ്മാണ ഉദ്ഘാടനം തുടങ്ങിയ പരിപാടികളിലും പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

