
പറശ്ശിനി മടപ്പുര മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2 ന് കൊടിയേറും. രാവിലെ രാവിലെ 9.47 നും 10.10 നും മദ്ധ്യേ പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റും.
ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. തുടർന്ന് വൈകിട്ട് മൂന്നുമുതൽ മലയിറക്കൽ നടക്കും. തുടർന്ന് 3 മണിമുതൽ മലയിറക്കൽ കർമ്മവും, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. അതോടൊപ്പം തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവുകൾ മുത്തപ്പസന്നിധിയിൽ പ്രവേശിക്കും.
സന്ധ്യക്ക് മുത്തപ്പൻ്റെ വെള്ളാട്ടവും, തുടർന്ന് അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടുന്നു. ശേഷം പഞ്ചവാദ്യ സംഘത്തോടു സഹിതം കലശം എഴുന്നള്ളിച്ചു മടപ്പുരയിൽ പ്രവേശിക്കുന്നു.
ALSO READ: ശബരിമലയിൽ റെക്കോർഡ് വരുമാനം; ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി
മൂന്നിന് പുലർച്ചെ പുത്തരി തിരുവപ്പന ഉത്സവത്തിന്റെ ഭാഗമായുള്ള ആദ്യ തിരുവപ്പന 5.30-ന് തുടങ്ങും. മൂന്നിനും നാലിനും സന്ധ്യയ്ക്ക് വെള്ളാട്ടവും നാലിനും അഞ്ചിനും രാവിലെ തിരുവപ്പനയും ഉണ്ടായിരിക്കും. അഞ്ചിന് വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ മാത്രമായിരിക്കും വെള്ളാട്ടം . ഡിസംബർ 6 ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും.
ഉത്സവത്തോടനുബന്ധിച്ച് പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഡിസംബർ 5ന് കുചേലവൃത്തം, കിരാതം, ഡിസംബർ 6ന് കല്യാണ സൌഗന്ധികം എന്നീ കഥകളിയും അരങ്ങേറും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


