
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം എൽഡിഎഫ് അർഹിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഉണ്ടായ ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി. ഈ ഫലം കൊണ്ട് യുഡിഎഫിന്റെ ഇരുണ്ട കാലത്തേക്ക് ജനങ്ങൾ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
‘2010 ൽ ഇതിനേക്കാൾ വലിയ പരാജയം എൽഡിഎഫ് ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീടും പാർട്ടി പിടിച്ചു കയറിയത്. എന്നാൽ സംസ്ഥാനത്തെ ബിജെപിയുടെ കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണ് എന്നും ഇതെല്ലാം തരണം ചെയ്ത് ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരുമെന്നും’ മന്ത്രി പറഞ്ഞു.
അതെ സമയം ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കോർപ്പറേഷൻ ഭരണം മാതൃകപരമായിരുന്നുവെന്നും ഗായത്രി ബാബുവിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആര്യ രാജേന്ദ്രൻ പരമാവധി പ്രവർത്തനങ്ങൾ കോർപറേഷനിൽ നടത്തിയിട്ടുണ്ട്. പ്രചാരണത്തിന് ആര്യ എത്താതിരുന്നത് ആരോഗ്യപരമായ കാര്യങ്ങൾ കൊണ്ടാണ്. ബിജെപിക്കെതിരെ ആര്യ രാജേന്ദ്രൻ ഉറച്ച നിലപാടാണ് കോർപറേഷനിൽ കാഴ്ചവെച്ചത്. ആര്യയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും’ മന്ത്രി വ്യക്തമാക്കി. കൂടാതെ തെരഞ്ഞെടുപ്പിനു മുൻപേ ബിജെപി പ്രീപോൾ ഫലം പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും മന്ത്രി പറഞ്ഞു. പല നിലയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ചട്ടങ്ങൾ ലംഘിക്കുകയാണ് ബിജെപിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് ഇത് ഗൗരവത്തിൽ കണ്ടില്ല എന്ന് ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

