
സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഇതേവരെ കൈക്കൊണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. അതിനുള്ള നടപടികൾ ആരംഭിക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ ലഭ്യമാക്കുന്നതിന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിടും ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ റെയില്‍ യാത്രാ സമയം കുറയ്ക്കാനുള്ള നടപടികള്‍ എടുക്കണം. ഇതിന് തിരുവനന്തപുരം – മംഗലാപുരം സെക്ഷനില്‍ മൂന്നും നാലും ലൈനുകള്‍ക്കുള്ള സര്‍വ്വെ പ്രവര്‍ത്തനം അതിവേഗം നടത്തണം. ഈ റൂട്ടില്‍ നമോ ഭാരത് റാപ്പിഡ് റെയിലും അനുവദിക്കണം. തലശ്ശേരി – മൈസൂർ റെയിൽ പദ്ധതി, നിലമ്പൂർ – നഞ്ചൻഗുഡ് പദ്ധതി, അങ്കമാലി – ശബരി റെയിൽപാത തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്.
അട്ടപ്പാടി ജലസേചന പദ്ധതിയുടെ അംഗീകാരത്തിന് ആവശ്യമായ ഇടപെടൽ നടത്തണം. മടങ്ങിവന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 1,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യം എം പിമാർ പാർലമെന്റിൽ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗ്ലോബൽ സിറ്റി, കൊച്ചി (നോഡ് – 2) പദ്ധതിക്ക് കേന്ദ്രാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ വിഷയം പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും ഉന്നയിക്കണം.
ഓഫ്ഷോർ ഏരിയാസ് ആറ്റോമിക് മിനറൽസ് ഓപ്പറേറ്റിങ് റൈറ്റ് റൂൾസ്, 2025 നിയമം നോട്ടിഫൈ ചെയ്തത് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടാതെയാണ്. ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കി നൽകാൻ കത്ത് നൽകിയിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇനങ്ങളിൽ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭ്യമാക്കണം. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കിൽ ആവശ്യമായ അളവിൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനുമേൽ ശക്തമായ സമ്മർദ്ദം ചെലുത്തണം എന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


