
പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനത്തിനും ആശങ്ക എന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. ഏറ്റവും അധികവും ദുഖത്തിൽ കഴിയുന്നത് കേരളത്തിലെ കുടുംബങ്ങളാണ്. കാരണം ഓരോ കുടുംബത്തിനും പ്രവാസി ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എന്താണ് ഇറാൻ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു. ആണവ നിയന്ത്രണത്തിന് ഇറാൻ തയ്യാറാകുന്നില്ല എന്നതാണ് അമേരിക്കൻ ആരോപണം. ലോകത്ത് ഏറ്റവും അധികം ആണവായുധങ്ങൾ അമേരിക്കയുടെ കയ്യിലാണ്. തങ്ങൾക്ക് ആകാം മറ്റുള്ളവർക്ക് പാടില്ല എന്നാണ് അമേരിക്കൻ നിലപാടെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രങ്ങൾ തമ്മിൽ പാലിക്കേണ്ട മര്യാദ അമേരിക്ക പാലിച്ചില്ല. ഐക്യരാഷ്ട്ര സഭയെ അംഗീകരിക്കാൻ അമേരിക്ക തയ്യാറല്ല. ഒരു കാരണവുമില്ലാതെ ഇറാനെ ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ പരമോന്നത അധികാരിയെയും കുടുംബത്തെയും വധിച്ചതിന് എന്ത് ന്യായമാണ് പറയാനുളളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Also read : സഹികെട്ട് രാഹുൽ; “ഒറ്റയാൻ പ്രവർത്തനം വേണ്ട” യുഡിഎഫ് നേതാക്കളോട് രാഹുലിന്റെ ഉപദേശം
നടക്കുന്നത് വന്യമൃഗ നീതിയാണ്. ഇറാൻ്റെ എണ്ണ സമ്പത്തിലാണ് അമേരിക്കയുടെ കണ്ണ്. ഏറ്റവും അധികം എണ്ണ സമ്പത്തുള്ള വെനിസ്വേലയിലെ പ്രസിഡൻ്റിനെയും ഭാര്യയെയും അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി. ലോകത്ത് ഉൽപാദിപ്പിക്കുന്ന എണ്ണയിൽ പകുതിയിൽ അധികം കൈവശപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദ്ദാം ഹുസൈനെ ഭീകരനായി ചിത്രീകരിച്ചു. രാസായുധങ്ങളുടെ പേരിൽ സാമ്രാജ്യത്യ മാധ്യമങ്ങൾ ഭീതി പരത്തി. അതേസമയം ഐഎസ് ഐഎസിനെ വളത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് അമേരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
താലിബാനെ സൃഷ്ടിച്ചതും അമേരിക്കയാണ്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് അമേരിക്കയുടെ സിദ്ധാന്തം. നമ്മുടെ രാജ്യം സാമ്രാജ്യത്വ വിരുദ്ധ നിലപാടുള്ള രാജ്യമായിരുന്നു. മൂന്നാം ലോക രാജ്യങ്ങൾക്ക് ഒപ്പമായിരുന്നു ഇന്ത്യ, ഈ നയമാണ് തുടർന്നു വന്നത്. എന്നാൽ കോൺഗ്രസിൻ്റെ കാലത്ത് തന്നെ ഇതിന് മാറ്റം വന്നു തുടങ്ങി. ഇതിൻ്റെ തുടർച്ചയായി ബിജെപി വന്നു. ആർഎസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട പെറ്റ സഹോദരങ്ങളെന്നും അദ്ദേഹം ആവർത്തിച്ചു. ആക്രമണത്തിനു മുമ്പ് നെതന്യാഹുവിനെ ഇന്ത്യൻ പ്രധാനമന്ത്രി കെട്ടിപ്പിടിച്ചു അതിലൂടെ അപമാനിതരായത് ഇന്ത്യാക്കാരാണ്. ഇപ്പോൾ മോദിയ്ക്ക് അമേരിക്കയോട് പൂർണ വിധേയത്വമാണ്. 30 ദിവസത്തേക്ക് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ അനുമതി നൽകാൻ അമേരിക്ക ആരാണെന്നും അദ്ദേഹം ചോദിച്ചു. നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനം പണയപ്പെടുത്തരുത്. എന്തായിരുന്നോ ഇന്ത്യ, അവിടേക്ക് തിരിച്ചു പോകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സാമ്രാജ്യത്വ താൽപര്യങ്ങളെ തള്ളിപ്പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

