
മുഖ്യമന്ത്രി പിണറായി വിജയന് ജനമനസ്സിൽ എത്രത്തോളം സ്ഥാനമുണ്ടെന്ന് അറിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവം. ഗുരുവായൂർ സ്വദേശി 88 വയസുള്ള സാവിത്രിയമ്മയ്ക്ക് മുഖ്യമന്ത്രിയെ കാണണം. എന്തെങ്കിലും പരാതി നൽകാനോ ആവശ്യങ്ങൾ ഉന്നയിക്കാനോ ആയിരുന്നില്ല കാണണമെന്ന ആവശ്യം.
ഇന്നലെ മുഖ്യമന്ത്രിക്ക് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ആയിരുന്നു പരിപാടി. ഉച്ചയോടെ അദ്ദേഹം തൃശൂര്‍ രാമനിലയത്തിലെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ രാമനിലയത്തിന്റെ മുന്നിലായി ഒരു അമ്മൂമ്മ വീല്‍ ചെയറില്‍ ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. ഉടനെ അവര്‍ അമ്മൂമ്മയുടെ അടുത്തെത്തുകയും ഒപ്പമുണ്ടായിരുന്ന മകന്‍ രാജാജിയോട് കാര്യം അന്വേഷിക്കുകയും ചെയ്തു. എന്തെങ്കിലും പരാതിയുമായാണോ വന്നതെന്ന് അന്വേഷിച്ചു. സാധാരണ അങ്ങനെയാണ് പലരും വരുന്നത്. എന്നാല്‍, ഈ അമ്മൂമ്മ വന്നത് പരാതി നല്‍കാനായിരുന്നില്ല.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനിലിനെ അറിയിച്ചു. മുഖ്യമന്ത്രി ഇറങ്ങുമ്പോള്‍ കാണാം എന്ന് അമ്മൂമ്മയെ അറിയിച്ചു. രാമനിലയത്തിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രിയോട് അനില്‍ വിവരങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി നേരെ സാവിത്രി അമ്മയുടെ അടുത്തേക്ക് ചെന്നു. എന്തെങ്കിലും ആവശ്യം ഉണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ, ഒന്നുമില്ല എന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയെ കാണാനായി മാത്രം വന്നതാണ് എന്ന് പറയുകയും ചെയ്തു. അമ്മൂമ്മയുടെ കൈ പിടിച്ച് ഇനിയും കാണാമെന്ന് പറഞ്ഞു മുഖ്യമന്ത്രി യാത്ര പറഞ്ഞു.
88 വയസ്സുള്ള സാവിത്രിയമ്മ ഇതാദ്യമായല്ല മുഖ്യമന്ത്രിയെ കാണാൻ എത്തുന്നത്. തൃശൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി വരുന്നുണ്ട് എന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞാല്‍ മകനെയും കൂട്ടി സ്ഥലത്ത് വരും. മൂന്ന് തവണ വന്നെങ്കിലും പല കാരണങ്ങളാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. നാലാമത്തെ പ്രാവശ്യം കാണാനും സന്തോഷം പങ്കിടാനുമായി. വീല്‍ ചെയറിൽ മാത്രമേ അമ്മൂമ്മയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കൂ. എന്തായാലും സന്തോഷത്തോടെ സാവിത്രിയമ്മ മകനോടൊപ്പം വീട്ടിലേക്ക് മടങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

