കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും മാറ്റത്തിൽ വലിയ പങ്കുവഹിച്ച ഒരു സമരമാണ് പുന്നപ്ര-വയലാർ സമരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്ര-വയലാർ രക്‌തസാക്ഷിത്വത്തിന്റെ 79ാം വാർഷിക വാരാചരണം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിനെ ഒരു പ്രത്യേക രാജ്യമാക്കി നിലനിർത്താനുള്ള അന്നത്തെ രാജഭരണത്തിന്റെ നീക്കമായിരുന്നു പുന്നപ്ര-വയലാർ സമരത്തിന്റെ അടിസ്ഥാന കാരണം.
രാജഭരണത്തിന്റെ ഈ നീക്കത്തിന്റെ വക്താവായി പ്രവർത്തിച്ചിരുന്നത് ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യരായിരുന്നു. തിരുവിതാംകൂറിനെ ഇന്ത്യാ രാജ്യത്ത് ചേരാതെ ഒരു പ്രത്യേക രാജ്യമാക്കി നിലനിർത്താനായി, ‘അമേരിക്കൻ മോഡൽ’ എന്ന് പറഞ്ഞുകൊണ്ട് ഇതിന് ഒരു പുതിയ വ്യാഖ്യാനം നൽകിയാണ് അന്ന് ശ്രമിച്ചിരുന്നത്.
ഈ നീക്കത്തിനെതിരെ അന്നത്തെ കമ്മ്യൂണിസ്റ്റുകാർ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. തൊഴിലാളി പ്രസ്ഥാനത്തിൻ്റെ ഉദയം കണ്ട ഈ പ്രദേശത്തെ കയർത്തൊഴിലാളികൾ അന്നത്തെ രാഷ്ട്രീയ സ്ഥിതികൾക്ക് അനുസരിച്ച് ചേർന്നുകൊണ്ട് ധീരമായി ഈ നീക്കത്തെ ചെറുത്തു.
ഈ കാലഘട്ടത്തിൽ, തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമല്ല, രാഷ്ട്രീയപരമായ ആവശ്യങ്ങൾ കൂടി ഉയർത്തിക്കൊണ്ടുള്ള സമരങ്ങൾ ഇവിടം കൊണ്ട് നടന്നിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായാണ് കമ്മ്യൂണിസ്റ്റുകാരും തൊഴിലാളി സംഘടനകളും ചേർന്ന്, “അമേരിക്കൻ മോഡൽ അറബിക്കടൽ” എന്ന ശക്തമായ നിലപാട് സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

