
തന്റെ വിദ്യാർത്ഥി ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെയും അതിജീവനത്തെയും കുറിച്ച് മനസ്സ് തുറക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ തലമുറയുടെ സാഹചര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അന്നത്തെ തന്റെ ചുറ്റുപാടുകളെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചില ദിവസങ്ങളിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ അരി കൊണ്ടുണ്ടാക്കിയ ‘റൊട്ടി’ നൽകുമായിരുന്നു. ഇത് മറ്റുള്ളവർ കാണാതിരിക്കാൻ ഒരു ഫയൽ ബോർഡിനുള്ളിൽ ഒളിപ്പിച്ചാണ് ഉച്ചഭക്ഷണത്തിനായി കൊണ്ടുപോയിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ എല്ലാ ദിവസവും ഭക്ഷണമുണ്ടാകില്ലായിരുന്നുവെന്നും, അത്തരം പട്ടിണി കിടക്കുന്ന ദിവസങ്ങളിൽ പോലും തന്റെ പ്രയാസങ്ങൾ ആരോടും പങ്കുവെക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും മുന്നിൽ അഭിമാനത്തോടെ ജീവിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
തന്റെ കൈവശം എത്ര വസ്ത്രങ്ങളുണ്ടെന്ന് മറ്റുള്ളവർ അറിയാതിരിക്കാനാണ് അക്കാലത്ത് ഒറ്റ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം ഓർമ്മിച്ചു. വെല്ലുവിളികളെ സാധാരണ നിലയിൽ കണ്ട് മുന്നോട്ട് പോകണമെന്നും, ഓരോരുത്തരും തങ്ങളുടെ സാഹചര്യങ്ങൾക്കും കഴിവിനും അനുസരിച്ച് ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വഴികളിലേക്ക് നീങ്ങാതെ, ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിക്കണമെന്ന സന്ദേശവും തന്റെ അനുഭവങ്ങളിലൂടെ മുഖ്യമന്ത്രി പങ്കുവെച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

