
ഇസ്രായേൽ അമേരിക്കൻ കാടത്ത നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന വന്യജീവി രീതിയാണ് നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ കാണുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുയും ഇരട്ടപ്പെറ്റ സഹോദരങ്ങൾ പോലെയാണ്. ആക്രമിച്ച് കീഴ്പ്പെടുത്തി സ്വന്തം കാര്യം നടപ്പിലാക്കുന്ന സമീപനമാണ് അമേരിക്കയും ഇസ്രായേലും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയ്ക്ക് വിധേയമായിരുന്ന ഷായുടെ ഭരണത്തിനെതിരെ ഇറാനിൽ ജനമുന്നേറ്റം ഉണ്ടായതും തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നതും അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമായ ഇറാൻ, പഴയ ഷാ ഭരണകാലത്തെ പോലെ അമേരിക്കയുടെ കീഴ്വഴക്കം അംഗീകരിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
Also read : ‘മോദി ട്രംപിൻ്റെ പാവ’: ബൃന്ദാ കാരാട്ട്; പ്രതിഷേധത്തിനിടെ സംഘർഷമുണ്ടാക്കി സംഘപരിവാർ
പ്രത്യേകിച്ച് ഒരു പ്രകോപനവും ഇല്ലാതെ ഇറാനെതിരെ ആക്രമണം നടത്തുകയും പരമോന്നത പദവിയിൽ ഇരിക്കുന്ന ആയത്തുള്ള ഖമനേയിയെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുകയും ചെയ്തു. ഒരു രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയെ ഇല്ലായ്മ ചെയ്യാൻ എന്ത് ന്യായീകരണമാണ് അമേരിക്കയ്ക്ക് പറയാനുളളതെന്നും അദ്ദേഹം ചോദിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ആണവായുധം കൈവശം വയ്ക്കുന്ന രാജ്യം മറ്റുള്ളവർക്ക് ആയുധം പാടില്ലെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തെ അപലപിക്കാത്ത നിലപാട് മോദിയും നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെ പോലെ ആയതു കൊണ്ടാണ്. അക്രമണത്തിന് നേതൃത്വം നൽകുന്ന നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്ന മോദിയെയാണ് ലോകം കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഈ സമീപനം രാജ്യത്തിന് അപമാനമാണെന്നും ഇത് രാഷ്ട്രീയ സ്വയംസേവക സംഘംയ്ക്ക് അഭിമാനമായിരിക്കാമെന്നും അദ്ദേഹം പരാമർശിച്ചു. ഇത്തരം വിദേശനയ സമീപനം രാജ്യത്തിന് ഭൂഷണമല്ലെന്നും, കോൺഗ്രസാണ് ഈ നയത്തിന് തുടക്കം കുറിച്ചതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ഇസ്രായേൽ,അമേരിക്ക,ഇറാൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

