
മീഡിയ വണ്ണിന്റെ നുണവാർത്തകളും മതനിരപേക്ഷ കേരളത്തിൽ വിഷം കലർത്തുന്ന വ്യാജ പ്രചാരണങ്ങളും അക്കമിട്ട് നിരത്തി പി എം മനോജ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമർശനം. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണവേ മീഡിയ വൺ ചാനലിനെ കാളകൂടവിഷമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് പരാമർശിച്ചിരുന്നു. മതനിരപേക്ഷ കേരളത്തിൽ അവർ നടത്തുന്ന അസത്യപ്രചാരണങ്ങളും വാസ്തവവിരുദ്ധമായ വാർത്തകളുടെ ഉള്ളടക്കത്തെയും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം.
വിഷയത്തിൽ ഗോവിന്ദൻ മാഷെ വിമർശിച്ചുകൊണ്ട് മീഡിയ വൺ ന്യൂസ് ചീഫ് എഡിറ്റർ പ്രമോദ് രാമൻ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടി നൽകിയിരിക്കുകയാണ് പി എം മനോജ്. ഗോവിന്ദൻ മാഷ് പറയുന്ന കാര്യങ്ങൾ പ്രമോദ് രാമന് ഒരു കാലത്തും ബോധ്യം വരില്ലെന്ന് പി എം മനോജ് പരിഹസിച്ചു. കേന്ദ്ര ബിജെപി സർക്കാർ മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകി എന്നത് പ്രമോദ് രാമൻ്റെ മതനിരപേക്ഷ സർട്ടിഫിക്കറ്റ് ആണെന്ന് കരുതിയിരുന്നില്ല.

അന്ന് കേരളത്തിൻ്റെ മതനിരപേക്ഷ സമൂഹം മീഡിയ വൺ ചാനലിൻ്റെ ലൈസൻസ് നിഷേധിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ ശബ്ദമുയർത്തിയത് അതിൻ്റെ ഇരുട്ടുമുറിയിലെ ചർച്ചയുടെ സൗന്ദര്യം കണ്ടിട്ടോ ആ ഇരുട്ടിൽ കരിമ്പൂച്ചയെ തപ്പിയിട്ടോ അല്ലെന്നും പി എം മനോജ് ചൂണ്ടിക്കാട്ടി.

മീഡിയ വണ്ണിനെ നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാക്കൾ സംഘപരിവാറിന്റെ കൂടാരത്തിൽ ചെന്ന് അവരുമായി സഖ്യ ചർച്ച നടത്തിയത് പ്രമോദ് രാമൻ അറിഞ്ഞിട്ടുണ്ടാവുമോ എന്നും അദ്ദേഹം ചോദിച്ചു. ആ ചർച്ചയ്ക്ക് ശേഷം നരേന്ദ്രമോദി സർക്കാർ നൽകിയ ഗിഫ്റ്റ് ആണോ മീഡിയ വണ്ണിന് തുടർന്നും പ്രവർത്തിക്കാനായ സാഹചര്യം എന്നതും പ്രമോദ് രാമനോട് ആരും പറഞ്ഞിട്ടുണ്ടാവില്ലെന്നും അദ്ദേഹം കുറിച്ചു. മീഡിയ വണ്ണിന്റെ നുണ വാർത്തകളെയും അദ്ദേഹം നിശിതമായി വിമർശിച്ചു.
മന്ത്രി പി രാജീവിന് പഴനിയിൽ ഫാം ഉണ്ടെന്നു പറഞ്ഞത് ആരായിരുന്നു? എന്തിനായിരുന്നു? മുൻ വണ്ടൂർ എംഎൽഎ എൻ കണ്ണൻ നിയമസഭയിൽ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി എന്ന വ്യാജവാർത്ത കൊടുത്തത് മീഡിയവൺ അല്ലേ? ബസിൽ നിന്ന് വീഡിയോ ചിത്രീകരിച്ച് രാജേഷ് എന്ന യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായി എന്ന് പൊലീസ് കണ്ടെത്തിയ സ്ത്രീ നിരപരാധി എന്നും
ഒരു പരസ്യ പരാമർശം നടത്തിയതിന്റെ പേരിൽ അതിൽ വിഷമിച്ച ഉദ്യോഗസ്ഥന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഒരു വനിത ആക്രമിക്കപ്പെട്ടപ്പോൾ അവർ അപരാധി എന്നും വിളിച്ചു പറഞ്ഞത് പ്രമോദ് രാമൻ എഡിറ്ററായ ചാനലിൻ്റെ മുതലാളിയായ ജമാഅത്തെ ഇസ്ലാമി നേതാവല്ലേ? അവിടെ നിവർന്നോ താങ്കളുടെ നട്ടെല്ല്? അവിടെ ഉണർന്നുവോ താങ്കളുടെ നീതിബോധം? മതനിരപേക്ഷത? ചുവന്ന റിബൺ തലയിൽ കെട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാലത്ത് നൃത്തം ചെയ്ത സിപിഐഎം പ്രവർത്തകരെ കാവി കൊടി കെട്ടിയവരാക്കി ഗണഗീതം ആലപിച്ചവരെ അധിക്ഷേപിച്ചത് താങ്കളുടെ സ്വന്തം ചാനൽ തന്നെയല്ലേ? പറയൂ മിസ്റ്റർ പ്രമോദ് രാമൻ, പി എം മനോജ് എഴുതി.
എം വി ഗോവിന്ദൻ മാസ്റ്റർ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ, സെക്കുലർ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഗോൾവാൾക്കറെയും മൗദൂദിയെയും ഒരുപോലെ എതിർക്കുകയും വർഗീയ അജണ്ടകൾക്കെതിരെ ആത്മത്യാഗം ചെയ്തും പോരാടണമെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന പാർട്ടിയുടെ സെക്രട്ടറിയാണ്. മൗദൂദി ചാനലിന്റെ തിണ്ണയിൽ കയറിയിരുന്നു കീലേരി അച്ചുവിൻറെ വെല്ലുവിളി മുഴക്കുമ്പോൾ ഒന്ന് സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നല്ലതാണ് എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

